Skip to main content

ആറ്റിങ്ങല്‍ നഗരസഭ നാടിന് മാതൃക:  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

    ആറ്റിങ്ങലിലെ വികസനപ്രവര്‍ത്തനങ്ങള്‍ മറ്റ് നഗരസഭകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും ആറ്റിങ്ങല്‍ നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ അവനവഞ്ചേരി  ഗവ. ഹൈസ്‌കൂളില്‍ സമ്പൂര്‍ണ്ണ നീന്തല്‍ സാക്ഷരത പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.

    സംസ്ഥാനത്തുതന്നെ ആദ്യമായി  സമ്പൂര്‍ണ നീന്തല്‍ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം ആണ് അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നഗരസഭയുടെ സഹായത്തോടെയാണ് സ്‌കൂളില്‍ പദ്ധതി നടപ്പാക്കിയത് പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

    ബി സത്യന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് സ്വാഗതം ആശംസിച്ചു. നഗരസഭ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റ്റി.റ്റി അനിലാറാണി, അധ്യാപകര്‍ , രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു
(പി.ആര്‍.പി. 129/2020)

date