Skip to main content

തണ്ണീര്‍ത്തട സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ല -മുഖ്യമന്ത്രി പിണറായി വിജയന്‍ * ലോക തണ്ണീര്‍ത്തട ദിനാചരണം ഉദ്ഘാടനം ചെയ്തു

 

തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷമായി ബാധിക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍ നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്തയോടെ വേണം തണ്ണീര്‍ത്തടങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും പരിസ്ഥിതിയും ജൈവവൈവിധ്യവും പരിപാലിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. പ്രധാന തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര പരിപാലനത്തിനുള്ള ഒരു കര്‍മപദ്ധതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളെയും വര്‍ഗീകരിച്ച് ഭൂപടം തയാറാക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് കുളങ്ങള്‍ ഉള്‍പ്പെടെയുള്ള 100 ഓളം തണ്ണീര്‍ത്തടങ്ങളുടെ പുനരുജ്ജീവന നടപടികള്‍ ഊര്‍ജസ്വലമായി നടന്നുവരുന്നുണ്ട്. 

തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് സംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സമൂഹത്തില്‍ വിപുലമായി വളര്‍ത്തുന്നത്. 'തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിര നഗരഭാവിക്കായി' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം. മറ്റേത് കാലത്തേക്കാളും നഗരവത്കരണം വേഗത്തിലാണ്. നഗരവത്കരണത്തിന്റെ ദൂഷ്യവശങ്ങളില്‍ പ്രധാനമാണ് ജലലഭ്യതക്കുറവ്. ഗ്രാമങ്ങളിലടക്കം ധാരാളം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുകയാണ് ഇപ്പോള്‍. ജലത്തിന്റെ ചാക്രിക ഉപയോഗത്തെ നഗരവത്കരണം എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍ വന്നിട്ടുള്ള പഠനങ്ങള്‍ നമ്മുടെ നാടിന്റെ പരിസ്ഥിതിക്ക് പ്രയോജനമാകുന്ന രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കണം. 

നിരവധി തണ്ണീര്‍ത്തടങ്ങളുണ്ടെങ്കിലും നമ്മുടെ നാടും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി എന്തുചെയ്യാനാകും എന്നതില്‍ ഗൗരവമായ ചര്‍ച്ച വേണം. നമ്മുടെ നാട്ടിലെ തണ്ണീര്‍ത്തടങ്ങള്‍ മാലിന്യം നിക്ഷേപിച്ചും, മണ്ണിട്ടും നശിപ്പിക്കുന്നതില്‍ കാണിച്ച മത്‌സരബുദ്ധിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 

ജലം അമൂല്യസമ്പത്തെന്ന ധാരണ ഇപ്പോഴും പൊതുസമൂഹത്തിനില്ലാത്തതും ജലചൂഷണത്തിനിടയാക്കുന്നുണ്ട്. അനധികൃത നിര്‍മാണങ്ങളും ഭൂമിയിലെ മറ്റ് കൈയേറ്റങ്ങളും തണ്ണീര്‍ത്തടങ്ങളെ നശിപ്പിക്കുകയും ഭൂഗര്‍ഭ ജല അളവ് കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ജൈവവൈവിധ്യ കലവറയാണിവ. വരള്‍ച്ച അതിജീവിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇവ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രഥമ പരിസ്ഥിതി മിത്രം അവാര്‍ഡ് പമ്പാ പരിരക്ഷണ സമിതി സ്ഥാപക ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ക്കും, പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ വര്‍ഗീസ് സി. തോമസിനും (മലയാള മനോരമ) ബിജു പങ്കജിനും (മാതൃഭൂമി ന്യൂസ്), പരിസ്ഥിതി സംഘടനയ്ക്കുള്ള പുരസ്‌കാരം പമ്പാ പരിരക്ഷണ സമിതിയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു. 

വി.എസ്. ശിവകുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡോ. അനില്‍കുമാര്‍ ഭരദ്വാജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുരേഷ് ദാസ് എന്നിവര്‍ സംബന്ധിച്ചു. പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ പത്മാ മഹന്തി നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലാസ്, പാനല്‍ ചര്‍ച്ച, പോസ്റ്റര്‍ പ്രദര്‍ശന മത്‌സരം എന്നിവയും വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ചിരുന്നു.

പി.എന്‍.എക്‌സ്.433/18

date