Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പരാതി ബോധിപ്പിക്കാം
തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ ഫെബ്രുവരി 19 ന് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതി ബോധിപ്പിക്കാം. പരാതികള്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാവുന്നതാണ്.

വനിതാ കമ്മീഷന്‍ അദാലത്ത്
വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 18 ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

വനിത നഴ്‌സുമാര്‍ക്ക് തൊഴിലവസരം
യു എ ഇ യിലെ ഹോംഹെല്‍ത്ത് കെയര്‍ സെന്ററിലേക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. 25നും 40 നും ഇടയില്‍ പ്രായമുള്ള ബി എസ് സി നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ nrkhomecare@gmail.com - ല്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 25.

ഗതാഗതം നിരോധിച്ചു
തലശ്ശേരി - എരഞ്ഞോളി  പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനാല്‍ പ്രസ്തുത റോഡില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വാഹനഗതാഗതം നിരോധിച്ചു.  കൂത്തുപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തലശ്ശേരി - കൊളശ്ശേരി - ചോനാടം വഴി പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സര്‍വെ: എല്ലാവരും സഹകരിക്കണം - ഡയറക്ടര്‍
സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. പൗരത്വ രജിസ്റ്റര്‍ - നിയമഭേദഗതി എന്നിവയുമായി വകുപ്പ്തല വിവരശേഖരണത്തിന് ബന്ധമില്ല എന്നും അറിയിച്ചു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഇ എ ആര്‍ എ എസ്, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് തയ്യാറാക്കുന്നതിനുള്ള വിലശേഖരണം, സാമൂഹിക- സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നാഷണല്‍ സാമ്പിള്‍ സര്‍വെ, വിവിധ അഡ്ഹോക് സര്‍വെകള്‍, കുടുംബ ബജറ്റ് സര്‍വെ തുടങ്ങിയവയാണ് വകുപ്പ് നടത്തുന്നത്.
ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും സുസ്ഥിരവികസനത്തിനായുള്ള സൂചികകള്‍ക്കായുള്ള വിവരങ്ങളും അനുബന്ധമായി ശേഖരിക്കുന്നുണ്ട്. പദ്ധതി ആസൂത്രണത്തിന് ആവശ്യമായ വിവരശേഖരണവുമായി പൂര്‍ണമായും സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കോഴിക്കോട് സെന്ററില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിങ് യൂസിങ് പൈത്തണ്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബി ഇ/ബി ടെക്/ബി സി എ/എം സി എ/ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം  പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ഫോണ്‍: 9446885281.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അഴീക്കോട് സൗത്ത് അംശം ദേശം റി സ 625/9 ല്‍ പെട്ട 4.15 ആര്‍ വസ്തു ഫെബ്രുവരി 28 ന് രാവിലെ 11 മണിക്ക് അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ അഴീക്കോട് സൗത്ത് അഴീക്കോട് സൗത്ത് ് വില്ലേജ് ഓഫീസിലും  കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി സെക്ഷനിലും ലഭിക്കും.

മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന്  ജില്ലയില്‍
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് (ഫെബ്രുവരി 14) രാവിലെ 11 മണിക്ക് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് സെന്റര്‍ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംങ്ങ് ടെസ്റ്റ് ട്രാക്കിന്റെയും വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ  ടി ഐ യില്‍ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സേഫ്റ്റി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 27.  ഫോണ്‍: 8281723705.

ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍
തിരുവനന്തപുരം  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് സ്പീച്ച് ആന്റ് ഹിയറിങ്ങിന്റെ നേതൃത്വത്തില്‍ 'ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍  ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.  വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി 15ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ തലശ്ശേരി ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലാണ് സെമിനാര്‍ സജ്ജീകരിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ദ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരവുമുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  0490 2326199, ഇ മെയില്‍ dcpuknr@gmail.com.

 

താല്‍പര്യപത്രം ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ റിസര്‍ച്ച് ആവശ്യങ്ങള്‍ക്കായി ബയോഗാസ് പൈറോലിസിസ് ഫെസിലിറ്റി സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ച് മണി വരെ താല്‍പര്യപത്രം സ്വീകരിക്കും.  ഫോണ്‍: 9495241299.
 

date