Skip to main content
ആധുനിക ഡ്രൈവിങ് ടെസ്റ്റിങ്ങ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

വാഹന പരിശോധന: 24 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാര്‍ച്ച് 31 നുള്ളില്‍ പൂര്‍ണ്ണ സജ്ജമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍ ആധുനിക ഡ്രൈവിങ് ടെസ്റ്റിങ്ങ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

വാഹനാപകടങ്ങളും അപകട മരണങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പ് നടപ്പിലാക്കുന്ന 24 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാര്‍ച്ച് 31 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കാഞ്ഞിരങ്ങാട് ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതി നിലവിലുണ്ട്. ഇത് വിജയം കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗത മേഖലയില്‍  പ്രാകൃത രീതിയിലുള്ള പരിശോധനകളാണ് ഇപ്പോഴും തുടര്‍ന്ന് വരുന്നത്്. ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രം ആധുനിക വല്‍ക്കരിക്കുന്നതിന്റെ തുടര്‍ച്ചയായി മറ്റു പരിശോധനകളും കാലാനുസൃതമായി പരിഷ്‌കരിക്കും. ആധുനിക രീതിയിലുള്ള ഡ്രൈവിങ്ങ് ടെസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പക്ഷെ സ്ഥലപരിമിതി ഒരു പ്രശ്‌നമാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയത് സ്ഥലം കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ഡ്രൈവിങ്ങ് ടെസ്റ്റിലെ സുതാര്യതയെപ്പറ്റി ഒരുപാട് പഴി വകുപ്പ് കേള്‍ക്കുന്നുണ്ട്. കമ്പ്യൂട്ടര്‍വല്‍കൃത പരിശോധന സംവിധാനമാകുമ്പോള്‍ ഇത്തരം ആക്ഷേപങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. ജനസൗഹൃദ വകുപ്പായി ഗതാഗത വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അപകടങ്ങളും അപകട മരണങ്ങളും കുറക്കുക എന്നത് വെല്ലുവിളിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. എം എല്‍ എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സ്ഥാപിക്കുന്ന 125 സിസിടിവി ക്യാമറയുടെ ദൃശ്യങ്ങള്‍ 24 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും എം എല്‍ എയുടെ നിര്‍ദ്ദേശത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഊരാളുങ്കല്‍ ഗ്രൂപ്പിനുള്ള ഉപഹാരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവീന്ദ്രന്‍ കസ്തൂരിയും പ്രവര്‍ത്തനചുമതലയുള്ള കിറ്റ്‌കോ ലിമിറ്റഡിനുള്ള ഉപഹാരം ജി രാകേഷും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
നാലുകോടി രൂപ ചെലവിലാണ് കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനും നിര്‍മിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും നൂതനമായ സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എടപ്പാളില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സിനുള്ള ടെസ്റ്റിങ് ഗ്രൗണ്ടിലേക്കുവേണ്ട പ്രാഥമികഘട്ട പരീക്ഷകള്‍ കാഞ്ഞിരങ്ങാട്ട് നടത്താനാണ് ശ്രമം. ലേണിങ് ടെസ്റ്റ്, ലൈസന്‍സ് നല്‍കല്‍ എന്നിവയെല്ലാം ഇനി കാഞ്ഞിരങ്ങാട്ടുനിന്നായിരിക്കും നടക്കുക. ടെസ്റ്റ് പാസായാലുടന്‍ ലൈസന്‍സ് നല്‍കും.  പ്രതിദിനം 120 പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താവുന്ന രീതിയില്‍ ക്രമീകരിച്ച കേന്ദ്രം തിങ്കളാഴ്ച്ച  പ്രവര്‍ത്തനമാരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഇവിടെ ടെസ്റ്റ് നടക്കും.
ചടങ്ങില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ സ്വാഗതമാശംസിച്ചു. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, പഞ്ചായത്തംഗം ടി ഷീബ, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ടി സി വിനേഷ് , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date