Skip to main content
കണ്ണൂർ കോർപറേഷൻ ഹാളിൽ നടന്ന ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി അഭയ കേന്ദ്ര പരിപാലന പരിശീലന പരിപാടിയിൽ കെ.ജി.സിറിയക്ക് ക്ലാസെടുക്കുന്നു

പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ അഭയകേന്ദ്രമൊരുങ്ങുന്നു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് ജില്ലയെ സജ്ജമാക്കാന്‍ അഭയ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ദേശീയ ചുഴലിക്കാറ്റ് അപകടസാദ്ധ്യത ലഘൂകരണ പദ്ധതി(എന്‍ സി ആര്‍ എം പി) യുടെ ഭാഗമായി നിര്‍മിക്കുന്ന വിവിധോദ്ദേശ അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിക്കുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.  കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ലോക ബാങ്കിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതും അഭയകേന്ദ്ര നിര്‍മാണവുമാണ് എന്‍ സി ആര്‍ എം പി മുന്നോട്ട് വെക്കുന്നത്. ജില്ലയില്‍ ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കതിരൂരുമാണ് എന്‍ സി ആര്‍ എം പിയുടെ വിവിധോദ്ദേശ അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ആയിരത്തിലധികം പേരെ ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് നിര്‍മ്മിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കും. ഫയര്‍ ഫോഴ്‌സ്, പൊലീസ്, കുടുംബശ്രീ, തുടങ്ങിയ വകുപ്പുകളുടെ പ്രാതിനിധ്യം അഭയകേന്ദ്ര പരിപാലന കമ്മിറ്റിയില്‍ ഉണ്ടായിരിക്കണം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ ചെയര്‍മാനും ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.  സ്‌കൂളില്‍ ആരംഭിക്കുന്ന അഭയകേന്ദ്രം ദുരന്തങ്ങളില്ലാത്തപ്പോള്‍ കമ്മിറ്റിയുടെ അനുമതിയോടെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് ദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കല്‍, അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും, ആള്‍ക്കാരുടെ പുനരധിവാസം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് വിവിധോദ്ദേശ അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഓരോ വിഭാഗത്തിലും ചുരുങ്ങിയത് 30 അംഗങ്ങള്‍ ഉണ്ടായിരിക്കണം. 25 ശതമാനം സ്ത്രീ പ്രാതിനിധ്യവും നിര്‍ദ്ദേശിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമായി അടിയന്തര പ്രതികരണ സേനയും രൂപീകരിക്കണം. ദുരന്തങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് തന്നെ ദുരിത ബാധിത പ്രശ്‌നങ്ങളുടെയും അവിടേക്ക് എത്തിച്ചേരാനുള്ള വഴിയുടെയും രൂപരേഖ തയ്യാറാക്കണം. കൂടാതെ ദുരന്തങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് തയ്യാറെടുക്കുന്നതിനായി കാലഗണന കലണ്ടര്‍ തയ്യാറാക്കാനും പരിശീലന പരിപാടിക്ക്് നേതൃത്വം നല്‍കിയ എന്‍ സി ആര്‍ എം പി ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജി സിറിയക് പറഞ്ഞു. മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിച്ച് ദുരന്തത്തെ നേരിടാനും സജ്ജമാകണം. ഒമ്പത് തീരദേശ ജില്ലകളിലായി 16 അഭയകേന്ദങ്ങളാണ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. പരിശീലന പരിപാടിയില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങള്‍, കോര്‍പ്പറേഷന്‍ മെമ്പര്‍മാര്‍, പോലീസ്, ഫയര്‍ ഫോഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date