Skip to main content

സൂര്യാഘാതം: ജാഗ്രത പാലിക്കണം

 

കാലാവസ്ഥ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വേനല്‍ കനക്കുമെന്നും ചൂടിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

എന്താണ് സൂര്യാഘാതം?

സൂര്യനില്‍ നിന്നുളള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. തലച്ചോര്‍, കരള്‍, വൃക്കകള്‍,ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ശരീരത്തിന്റെ നിര്‍ണ്ണായകമായ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുകയും ചെയ്യും.

സൂര്യാഘാതം ഏറ്റു കഴിഞ്ഞാലുളള ലക്ഷണങ്ങള്‍ ഏതാനും സമയത്തിനകം അറിയാന്‍ കഴിയും. പൊളളലേറ്റ ഭാഗത്ത് നീറ്റലും വേദനയും പുകച്ചിലും ഉണ്ടാകും. തൊലി ചുവക്കുന്നതോടൊപ്പം വേദന അനുഭവപ്പെടുന്നതും സൂര്യാഘാതത്തിന്റെ ലക്ഷണമാണ്. ചിലരില്‍ പനി, ഛര്‍ദി, കുളിര് എന്നിവയും കാണാറുണ്ട്. കടുത്ത സൂര്യതാപമേറ്റ് അവശരാവുന്നവര്‍ക്ക് ഉടന്‍ വിദഗ്ദ ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരത്തിലെ രക്തപ്രവാഹം നിലച്ച് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി പോകാന്‍ ഇടയാകും.

ലക്ഷണങ്ങള്‍:

1. തളര്‍ച്ച
2. പെട്ടെന്നുളള തലകറക്കം
3. പെട്ടെന്നുളള തലവേദന
4. വളരെ ഉയര്‍ന്ന ശരീരതാപം
5. വറ്റിവരണ്ട ചുമന്ന ചൂടായ ശരീരം
6. വരണ്ടതോ പൊളളലേറ്റതോ ആയ തൊലി
7. ഉയര്‍ന്ന ശരീര താപനില
8. പേശിവലിവ്
9. ഛര്‍ദ്ദി
10. ബോധക്ഷയം
11. വേഗത്തിലുളള ഹൃദയമിടിപ്പ്

സങ്കീര്‍ണ്ണതകള്‍

കഠിനമായ ചൂടില്‍ പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെയുളള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ചിലപ്പോള്‍ തലച്ചോറിനെയും സൂര്യാഘാതം സാരമായി ബാധിക്കും. അസ്വാഭാവിക പെരമാറ്റങ്ങളും അപസ്മാരബാധ പോലുളള ലക്ഷണങ്ങളും ഇതിനെ തുടര്‍ന്നുണ്ടാകുന്നു. തീവ്രമായ അബോധാവസ്ഥക്കും ഇത് കാരണമാകും.

പ്രാഥമിക ശുശ്രൂഷ

1. സൂര്യാഘാതം ഏറ്റതായി സംശയംതോന്നിയ ആളെ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറ്റുക
2. തണുത്ത വെളളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
3. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.
4. ഫലങ്ങളും സലാഡുകളും കഴിക്കുക.
5. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യാന്‍ അടുത്തുളള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

അപകട സാധ്യത കൂടിയവര്‍

പ്രായമുളളവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായ രോഗമുളളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവുളളവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

1. വേനല്‍കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍പോലും ധാരാളം വെളളം കുടിക്കുക.
2. വെയിലത്തിറങ്ങുമ്പോള്‍ ശരീരം പരമാവധി വസ്ത്രങ്ങള്‍കൊണ്ട് മറക്കുകയും കുട ഉപയോഗിക്കുകയുംവേണം, കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുളളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
3. ഉച്ചവെയില്‍ ശരീരത്തില്‍ കുത്തനെ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയുളള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
5. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
6. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
7. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
8. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുളള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഒരിക്കലും മദ്യപിക്കരുത്.
9. ബിയര്‍, മദ്യം, കൃത്രിമ ശീതള പാനീയങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കണം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനെ ചികിത്സ തേടണമെന്നും കുഴഞ്ഞു വീണാല്‍ അടിയന്തര ചികിത്സ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date