Skip to main content

നല്ല കൃഷി രീതികൾ അവലംബിക്കണം; ഗുണ നിലവാരം ഉറപ്പുവരുത്തണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വ്യത്യസ്ത ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് നല്ല കൃഷി രീതികൾ അവലംബിക്കുകയും, ഗുണ നിലവാരം ഉറപ്പ് വരുത്തുകയും വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള കാർഷിക സർവകാല ബിരുദദാന ചടങ്ങ് സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി രീതികൾ മെച്ചപ്പെടുത്താൻ പുതിയതായി ആവിർഭവിച്ചു വരുന്ന ബ്ലോക്ക് ചെയിൻ, നാനോ സാങ്കേതിക വിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ബയോടെക്നോളജിയുടെ മെച്ചപ്പെടുത്തിയ ഉപയോഗം എന്നിവ പ്രാബല്യത്തിൽ വരുത്തണം. ഇതിലൂടെ കർഷകർക്ക് ശരിയായ തീരുമാനമെടുക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാകും. കാലാവസ്ഥ വ്യതിയാനം മൂലം തകർച്ച നേരിട്ട കാർഷിക മേഖലയെ ഈ സംവിധാനങ്ങളിലൂടെ അഭിവൃദ്ധിപ്പെടുത്തണം. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. ബിരുദം പൂർത്തീകരിച്ച് ഇറങ്ങുന്നവരോട് കർഷകർക്ക് വേണ്ടി പ്രവർത്തിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. അവരുടെ സംതൃപ്തിയാകണം മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള അളവുകോൽ എന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല പ്രൊ ചാൻസലർ കൂടെയായ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷനായി. രണ്ട് പ്രളയങ്ങൾക്ക് ശേഷവും നമ്മുടെ കാർഷിക മേഖല പൂർണമായി തകർന്നടിഞ്ഞില്ലെന്നും ഇപ്പോളും ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുത്തൻ വിത്തിനങ്ങളുടെയും, സുസ്ഥിര കാർഷിക വികസനത്തിന്റെയും അടിസ്ഥാനം നമ്മുടെ സമ്പന്നമായ ജൈവ വൈവിദ്ധ്യമാണെന്ന തിരിച്ചറിവ് ശാസ്ത്ര സമൂഹത്തിനുണ്ട്. കാർഷിക വിളകളിലെ ജൈവ സമ്പന്നത സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കാർഷിക സർവകലാശാല നടത്തുന്നു. ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ മുതൽക്കൂട്ട് എന്ന തിരിച്ചറിവോടെ പ്രവർത്തിച്ച് കാർഷിക കേരളത്തിന്റെ ഭാവി സൃഷ്ടാക്കളാകാൻ ബിരുദം സ്വീകരിച്ചവരോട് മന്ത്രി ആവശ്യപ്പെട്ടു. അഗ്രികൾച്ചർ, എഞ്ചിനീയറിംഗ്, ഫോറസ്റ്ററി വിഭാഗങ്ങളിലെ 814 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകിയത്. 306 പേർക്ക് ബിരുദവും, 246 പേർക്ക് ബിരുദനാന്തര ബിരുദവും, 91 പേർക്ക് ഡിപ്ലോമയും 41 പേർക്ക് ഡോക്ടറേറ്റും നൽകി. റാങ്ക് നേടിയവർക്കുള്ള മെഡലുകളും, ഐ സി എ ആർ നിർദ്ദേശമനുസരിച്ച് ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരങ്ങളും ഗവർണർ സമ്മാനിച്ചു. കേരള സർക്കാർ ചീഫ് വിപ് അഡ്വ കെ രാജൻ, ഐസിആർഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. കെ അളഗുസുന്ദരം, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു, രജിസ്ട്രർ ഡോ. ആർ ഗിരിജ, ഡീൻമാരായ ഡോ. കെ കെ സത്യൻ, ഡോ. കെ വിദ്യാസാഗരൻ, ഡോ. കെ അനിൽകുമാർ, സർവകലാശാല ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date