Skip to main content

ലൈഫ് മിഷൻ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് (29) നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഫെബ്രുവരി 29) വൈകിട്ട് മൂന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കും. കേരളത്തിലെ ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീടും അന്തസ്സാർന്ന ജീവിതവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ലൈഫ്. സംസ്ഥാനതല പ്രഖ്യാപനം നടക്കുന്ന അതേ സമയം കേരളത്തിൽ പഞ്ചായത്തുതല ഗുണഭോക്തൃ സംഗമവും നടക്കും.
ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി അവാർഡുകൾ നൽകും. ലൈഫ് മിഷനിൽ വീട് നൽകിയ കരകുളം പഞ്ചായത്തിലെ തറട്ട പഴയാറ്റിൻകര കാവുവിളയിൽ ഓമനയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ രാവിലെ 8.30ന് മുഖ്യമന്ത്രി പങ്കെടുക്കും. സ്വന്തം വീടില്ലാത്തതിനാൽ മൂന്നു ബന്ധുവീടുകളിലായാണ് ഓമനയും ഭർത്താവ് ചന്ദ്രനും മകൾ രോഹിണിയും കഴിഞ്ഞിരുന്നത്.
രണ്ടു ലക്ഷം വീട് പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറയും. ലൈഫ് സി. ഇ. ഒ യു. വി. ജോസ് റിപ്പോർട്ട് അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ. കെ. ശശീന്ദ്രൻ, എ. കെ. ബാലൻ, എം. എം. മണി, മേഴ്‌സിക്കുട്ടിയമ്മ, ടി. പി. രാമകൃഷ്ണൻ, ശൈലജ ടീച്ചർ, ഡോ. ടി. എം. തോമസ് ഐസക്ക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, വി. എസ്. ശിവകുമാർ എം. എൽ. എ, ഡോ. ശശി തരൂർ എം. പി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ കെ. ശ്രീകുമാർ, എം. എൽ. എമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.  
പി.എൻ.എക്സ്.824/2020

date