Skip to main content

ഫിഷറീസ് മേഖലയിൽ 887 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി - മന്ത്രി എ.കെ ശശീന്ദ്രൻ

 

 

എലത്തൂർ മണ്ഡലത്തിൽ ഫിഷറീസ് മേഖലയിൽ 887 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ രണ്ട് വർഷക്കാലത്തിനിടയിൽ നടപ്പിലാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കല്ലിട്ടപ്പാലം വടക്കേകണ്ടിയില്‍താഴം റോഡ് ഉദ്ഘാടനം കക്കുടുംബിൽ താഴെ നിർവഹിക്കുകയായിരുന്നു മന്ത്രി. ഒളോപ്പാറ ഭാഗത്തെ റോഡ് വികസനത്തിലൂടെ ഒരു പ്രദേശത്തിന്റെ വികസനം മാത്രമല്ല ടൂറിസം മേഖലയുടെ  വികസനമാണ് നടപ്പിലാകുന്നത്. ഇതിലൂടെ പ്രദേശത്തെ കച്ചവട സാധ്യത വർധിച്ച് പരിസരവാസികൾക്ക് തൊഴിൽ സാധ്യതയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ലീല ടീച്ചർ അധ്യക്ഷത വഹിച്ചു.

തീരദേശന വികസന ഫണ്ടായ 53.60 ലക്ഷം രൂപ ചെലവഴിച്ചാണ് കല്ലിട്ടപ്പാലം വടക്കേകണ്ടിയില്‍താഴം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. റോഡിന്റെ പ്രവൃത്തിക്കായി ആദ്യഘട്ടത്തില്‍ 40 ലക്ഷം രൂപ മണ്ഡലം എം.എല്‍.എ കൂടിയായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. ഓളോപ്പാറ തീരദേശ പ്രദേശത്തെ ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കാന്‍ റോഡ് വികസനം സഹായകമാവും.

ജില്ലാ പഞ്ചായത്ത് മെമ്പർ ടി ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഷീന കണ്ണങ്കണ്ടി, മുൻ വൈസ് പ്രസിഡന്റ് ടി.കെ സോമനാഥൻ, ചേളന്നൂർ പഞ്ചായത്ത് മുൻ അംഗം യു.കെ വിജയൻ, സ്വാഗതസംഘം കൺവീനർ ഒ. ധർമ്മ ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date