Skip to main content

റൺ ഫോർ യൂണിറ്റി മിനി മാരത്തോണിൽ ഒറ്റക്കെട്ടായി കോഴിക്കോട് ഓടി

എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും സ്പോര്‍ട്സ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്പോര്‍ട്സ് കേരള മാരത്തോണ്‍ 2020  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. 'റണ്‍ ഫോര്‍ യൂണിറ്റി' എന്നതായിരുന്നു മാരത്തോണിന്റെ മുദ്രാവാക്യം. ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് നിന്ന് രാവിലെ 5.30ന്  ആരംഭിച്ച മാരത്തോണ്‍ പുതിയാപ്പ ഹാര്‍ബര്‍ ചുറ്റി ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് അവസാനിച്ചു.  സമാപന ചടങ്ങിൽ പ്രദീപ് കുമാർ എം എൽ എ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് രാജഗോപാൽ അധ്യക്ഷത വഹിച്ചു.

അഞ്ച് കിലോ മീറ്റർ ഓട്ടത്തിൽ  വിഷ്ണു (പുരുഷവിഭാഗം),അപർണ (വനിത വിഭാഗം) എന്നിവർ ഒന്നാം സ്ഥാനവും ആശിഷ് പട്ടേൽ, അശ്വതി എന്നിവർ രണ്ടാം സ്ഥാനവും 10 കിലോമീറ്ററിൽ സന്ദീപ് കൃഷ്ണ, ശരണ്യ കെ എന്നിവർ ഒന്നാം സ്ഥാനവും ഹിതേഷ് പട്ടേൽ, അശ്വതി എന്നിവർ രണ്ടാം സ്ഥാനവും 21 കിലോമീറ്ററിൽ സി സിജു, കെ ജെ സന്ധ്യ  എന്നിവർ ഒന്നാം സ്ഥാനവും ആർ എസ് മനോജ്, എം അഞ്ചു എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആകെ 1412 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ മൂന്ന് കിലോമീറ്റർ  ഫൺ റണ്ണിൽ 375 പേർ പങ്കെടുത്തു.
 മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടി-ഷര്‍ട്ട്, ഇ-സര്‍ട്ടിഫിക്കറ്റ്, ലഘുഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു.  ഇന്ത്യയിലെ പ്രമുഖ മാരത്തോണ്‍ സംഘാടകരായ റണ്‍ ബഡ്ഡീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  

മൂന്ന് കിലോ മീറ്റർ, അഞ്ച് കിലോ മീറ്റർ, 10 കിലോ മീറ്റർ, 21 കിലോ മീറ്റർ വിഭാഗങ്ങളിലായാണ് മാരത്തോണ്‍ നടത്തിയത്. 3.കി.മീ ഒഴികെയുള്ള വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനക്കാര്‍ക്ക് പ്രൈസ് മണി നൽകി.

കായിക യുവജനകാര്യ വകുപ്പ്  അഡീഷണൽ ഡയറക്ടർ ബി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ് സാംബശിവറാവു, എഡിജിപി അശോക് യാദവ്,  കൗൺസിലർമാരായ അഡ്വ തോമസ് മാത്യു, ജയശ്രീ കീർത്തി, കെ കെ റഫീക്ക്, കെ നിഷ തുടങ്ങിയവർ  പങ്കെടുത്തു.

date