Skip to main content

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു  പ്രവർത്തിക്കുന്നതിൽ  സർക്കാർ ജാഗരൂകം - മന്ത്രി എകെ ശശീന്ദ്രൻ

 

 

 

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു  പ്രവർത്തിക്കുന്നതിൽ ഈ സർക്കാർ സദാ ജാഗരൂകമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.  ഏതൊരാവശ്യത്തിനും  കൂടെ നിന്ന് അവരെ സമൂഹത്തിൻ്റെ  മുൻപന്തിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഈ സർക്കാർ അവരോടൊപ്പം ഉണ്ടെന്നും മന്ത്രി പറഞ്ഞു. കാഴ്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ ജില്ലയിലെ കാഴ്ച പരിമിതര്‍ക്കു നല്‍കുന്ന സ്മാര്‍ട്ട്ഫോണുകളുടെ  വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എ പ്രദീപ് കുമാര്‍ എം എല്‍.എ അധ്യക്ഷത വഹിച്ചു.

സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗക്രമം സംബന്ധിച്ച ദ്വിദിന  പരിശീലനത്തിനും ചടങ്ങില്‍ തുടക്കമായി.  85 പേർക്കാണ് സ്മാർട്ട് ഫോൺ നൽകിയത്. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനു വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത്  കാഴ്ച പരിമിതിയുള്ള 1000
യുവതീ യുവാക്കള്‍ക്കാണ് പ്രത്യേക സോഫ്‌റ്റ്വെയറോട്  കൂടിയ ലാപ്ടോപ്പും  സ്മാര്‍ട്ട്ഫോണുകളും നല്‍കുന്നത്.  കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ  നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.  

 ചലന പരിമിതി ഉള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ശുഭയാത്ര പദ്ധതിയിലൂടെ 16 പേർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. കേൾവി പരിമിതി നേരിടുന്ന വർക്ക് ശ്രവണസഹായി നൽകുന്ന ശ്രവൺ പദ്ധതിയുടെ ഭാഗമായി 15 പേർക്ക് ശ്രവണ സഹായിയും നൽകി. ഹസ്തദാനം പദ്ധതിയില്‍ ഗുരുതര ഭിന്നശേഷിയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരില്‍  ആരംഭിച്ച സ്ഥിര നിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും   കൈമാറി.

വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ നടന്ന ചടങ്ങില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹനൻ,  കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി, സിആർസി ഡയറക്ടർ ഡോ റോഷൻ ബിജിലി, ജില്ലാ വനിത ശിശു വികസന ഓഫീസർ അനീറ്റ എസ് ലിൻ, ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ കെ പി രാജീവൻ, വികലാംഗക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഒ വിജയൻ, സംസ്ഥാന വികലാംഗക്ഷേമ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി തുടങ്ങിയവര്‍  പങ്കെടുത്തു.

date