Skip to main content

കനിവോടെ കനിവ്

റോഡപകടങ്ങളിൽ പൊലിയുന്ന വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുന്നതിനായി കനിവ് 108 ആംബുലൻസ് ശൃംഖല. സമഗ്ര ട്രോമകെയർ സംവിധാനത്തിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി കനിവ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ റോഡുകളിൽ റോഡപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന 315 ബ്ലാക്ക് സ്‌പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആംബുലൻസിന്റെ സേവനം ലഭ്യമാകുന്നത്. ഈ 315 ആംബുലൻസുകളെ 24 മണിക്കൂർ, 12 മണിക്കുർ എന്നിങ്ങനെ രണ്ട് ഗണങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ തന്നെ 150 ആംബുലൻസുകൾ 24 മണിക്കൂർ സേവനം നടത്തുന്നു.
അടിസ്ഥാന ജീവൻ രക്ഷാസംവിധാനത്തോട് കൂടിയ ആംബുലൻസിൽ വിദഗ്ധ സേവനം ലഭിച്ച ഒരു സ്റ്റാഫ് നഴ്സിന്റെയും ഡ്രൈവറുടെയും സേവനം ലഭ്യമാണ്. റോഡപകടങ്ങൾക്ക് പുറമെ ഗർഭിണികളുടെ അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം, അപ്രതീക്ഷിതമായി വന്നു ചേരുന്ന പ്രകൃതി ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തിര വൈദ്യസഹായം നൽകി ഇൻജക്ഷൻ ഉൾപ്പെടെയുള്ള മരുന്നുകൾ, ഓക്‌സിജൻ, രക്തസ്രാവം നിർത്തലാക്കൽ സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങളും ആംബുലൻസിൽ ലഭ്യമാണ്.
തൃശൂർ ജില്ലയിൽ ഇതുവരെ 32 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഈ വാഹങ്ങൾ എല്ലാം തന്നെ ജിപിഎസ് സംവിധാനം ഘടിപ്പിച്ചതിനാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തിക്കുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും കഴിയുന്നു. പ്രസ്തുത പ്രോജക്ടിൽ ജില്ലാ കളക്ടർ ചെയർമാനും സൂപ്രണ്ട് ഓഫ് പോലിസ്, സിറ്റി പോലിസ് കമ്മീഷണർ, ആർടിഒ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർ അംഗങ്ങളുമാണ്. ഈ പദ്ധതിയെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങൾക്കുമായി ടോൾ ഫ്രീ നമ്പർ നൽകിയിട്ടുണ്ട്. 18005992270.

date