Skip to main content

വാർഷികപദ്ധതി: 12 ഇന പരിപാടികൾ അവതരിപ്പിച്ചു

തദേശ ഭരണ സ്ഥാപനങ്ങൾ 2020-21 വാർഷിക പദ്ധതിയിൽ പ്രത്യേക പരിഗണന നൽകേണ്ട പന്ത്രണ്ടിന പരിപാടിയെ സംബന്ധിച്ച മാർഗരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ അവലോകനം ചെയ്തു.
കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളും ദുരന്ത ലഘൂകരണ പ്രവൃത്തികളും ഉൾപ്പെടുത്തി ് ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ ദുരന്ത മാനജ്‌മെൻറ് പ്ലാനുകൾ തയ്യാറാക്കുന്നതിനും അവ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങളാണ് വിലയിരുത്തിയത്.
വിശപ്പുരഹിത കേരളം ജനകീയ ഹോട്ടൽ, വയോ ക്ലബുകൾ, ശുചിത്വ കേരളം, പൊതു ടോയ്‌ലെറ്റുകളും ടേക്ക് എബ്രേക്ക് വിശ്രമകേന്ദ്രങ്ങളും, തോടുകളുടെ ശുചീകരണം, ഫലവൃക്ഷ തൈകൾ നട്ട് പരിപാലിക്കൽ, ജൈവ പച്ചക്കറി, ലോക്കൽ എംപ്ലോയ്‌മെൻറ് അഷ്വറൻസ് പ്രോഗ്രാം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പാലിയേറ്റീവ് പരിചരണം, ദുരന്ത മാനേജ്‌മെന്റ് പ്ലാനുകൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കൽ തുടങ്ങിയ പന്ത്രണ്ടിന പരിപാടിയുടെ മുഖ്യ നിർവഹണ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കായിരിക്കും.
ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും, കുടുംബശ്രീ, ഹരിത കേരളം, ശുചിത്വ മിഷൻ തുടങ്ങിയ മിഷനുകൾ മറ്റ് ഏജൻസികൾ കൃഷി, ജലസേചന, സാമൂഹ്യ വനവൽക്കരണ വകുപ്പുകൾ, സാമൂഹ്യ സംഘടനകൾ ബഹുജനങ്ങൾ എന്നിവയെ പങ്കെടുപ്പിച്ചാണ് പന്ത്രണ്ടിന പരിപാടികൾ നടപ്പിലാക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ അവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഓണത്തിന് മുമ്പായി മേൽ പറഞ്ഞ 12 പരിപാടികളും സമയബന്ധിതമായി നിർവ്വഹിക്കണം. ജില്ലാ ആസൂത്രണ ഭവന പരിപാടിയിൽ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ പദ്ധതി വിശദീകരിച്ചു. ചീഫ് വിപ്പ് അഡ്വ കെ.രാജൻ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, എം എൽ എ മാരായ മുരളി പെരുനെല്ലി, ബി ഡി ദേവസി, അഡ്വ.വി ആർ സുനിൽ കുമാർ, ഗീതാഗോപി, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, നഗരസഭ, കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പദ്ധതി അവലോകനത്തിൽ പങ്കെടുത്തു.

date