Skip to main content

കുന്നംകുളം മാതൃകയിൽ ജില്ലയിൽ ജനകീയ ഹോട്ടലുകൾ വരുന്നു

വിശപ്പുരഹിത കേരള പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ ഒരുങ്ങുന്നു. കുന്നംകുളം നഗരസഭയിൽ ജനകീയ ഹോട്ടൽ വിജയിച്ചതിന്റെ കരുത്തിലാണ് തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണശാലകൾ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ 2020-21 വാർഷിക പദ്ധതിയിൽ പ്രത്യേക പരിഗണന നൽകിയ പന്ത്രണ്ടിന പരിപാടിയിലാണ് ജനകീയ ഹോട്ടൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് പ്രവർത്തനങ്ങൾ ആരംഭിച്ച് ഓണത്തിന് മുമ്പായി ജനകീയ ഹോട്ടലുകൾ തുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തുകളിലും ചെറിയ നഗരസഭകളിലും ഒന്നു വീതവും വലിയ നഗരസഭകളിൽ 10 വാർഡിന് ഒന്ന് എന്ന ക്രമത്തിലും 25 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒന്നിലേറെ ഭക്ഷണശാലകൾ ആരംഭിക്കാൻ കഴിയും.
ജനകീയ ഹോട്ടലുകളിലെ 10 ശതമാനം ഊണ് നിർധനർക്ക് നൽകേണ്ടതാണ്. ഇതിന് വേണ്ട തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണം.
ഗ്രാമപ്രദേശത്തെ ജനകീയ ഹോട്ടലുകൾക്ക് ഒരു ഹോട്ടലിന് 10,000 നിരക്കിൽ ജില്ലാ പഞ്ചായത്തും അതത് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ഒരു ഹോട്ടലിന് 20,000 നിരക്കിൽ ബ്ലോക്ക് പഞ്ചായത്തും റിവോൾവിംഗ് ഫണ്ട് തുടക്കത്തിൽ തന്നെ നൽകും. നഗര പ്രദേശത്തെ ഒരു ഹോട്ടലിന് 30,000 നിരക്കിൽ എല്ലാ ജനകീയ ഹോട്ടലുകൾക്കും വേണ്ട റിവോൾവിംഗ് ഫണ്ട് ബന്ധപ്പെട്ട നഗരസഭ നൽകും. ഊണിന് വേണ്ട അരി കിലോയ്ക്ക് 10.90 നിരക്കിൽ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് ലഭ്യമാകും. ഊണ് ഒന്നിന് അഞ്ച് രൂപ വീതം സർക്കാർ നൽകുന്ന സബ്‌സിഡി കുടുംബശ്രീ മിഷൻ വഴി ലഭ്യമാകും.
പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷ്യ സാധനങ്ങൾ, ധാന്യപ്പൊടികൾ പച്ചക്കറികൾ എന്നിവ വിൽപ്പന നടത്തുന്നതിനുള്ള സൗകര്യം ജനകീയ ഹോട്ടലുകളിൽ ഉണ്ടാവും. ഇതോടെ കുടുംബശ്രീ വനിതകൾക്ക് തൊഴിലും ചെറിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കഴിയും.
കിടപ്പു രോഗികൾക്കും വയോജനങ്ങൾക്കും ആവശ്യമായ ഉച്ചഭക്ഷണം വാതിൽപ്പടിയിൽ ജനകീയ ഹോട്ടലിൽ നിന്നും ലഭ്യമാകും.

date