Skip to main content

ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു വന്യമൃഗശല്യം: ജനപ്രതിനിധികളുടെ അടിയന്തരയോഗം ചേരും

ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുള്‍പ്പെടുന്ന ജനപ്രതിനിധികളുടെയും വനം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനമായി. കാട്ടാനകളുടെ കടന്നു കയറ്റം, കുരങ്ങുശല്യം,കാട്ടുപന്നിയുടെ ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം തേടിയാണ് യോഗം വിളിക്കുന്നത്.  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം,പി യുടെ പ്രതിനിധി  അഡ്വക്കേറ്റ് എ.ഗോവിന്ദന്‍ നായര്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്  എ.എ.ജലീല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ് ജില്ലാതല ഉദ്യോഗസ്ഥര്‍  സംബന്ധിച്ചു.  കാട്ടുമൃഗങ്ങളെ പിടികുടി സംരക്ഷിക്കാന്‍ മഞ്ചക്കലില്‍ വനംവകുപ്പിന്റെ പദ്ധതി പരിഗണനയിലുണ്ടെന്ന് ഡി എഫ് ഒ യോഗത്തില്‍ അിറയിച്ചു. സ്വന്തമായി സ്ഥലമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അങ്കണവാടികള്‍ക്ക് സമീപത്ത് റവന്യു ഭൂമി ലഭ്യമാണെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എ കളും തദ്ദേശഭരണസ്ഥാപനങ്ങളും പൊതുജനങ്ങളും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്‌കൂളുകളില്‍ ശൗചാലയം നിര്‍മിക്കുന്നതിന് ആവശ്യമെങ്കില്‍ ശുചിത്വ ഫണ്ട് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ടാങ്കര്‍ പോലുള്ള വലിയ വാഹനങ്ങള്‍ കയറുന്നത് തടഞ്ഞ് വഴി തിരിച്ച് വിടുന്നതിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ട്രാഫിക് സര്‍ക്കിളില്‍ പോലീസിനെ നിയമിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എ ഫണ്ട് പദ്ധതികള്‍, എംപി ലാഡ്‌സ് പദ്ധതികള്‍ എന്നിവയുടെ പുരോഗതി അവലോകനം ചെയ്തു. ജനുവരി വരെയുള്ള വിവിധ വകുപ്പുകളുടെ പദ്ധതി അവലോകനവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനവും നടത്തി.

 

ദേശീയപാത: ടെണ്ടര്‍ 12ന് തുറക്കും

ദേശീയ പാത 66 നെ ആറുവരിപ്പാതയാക്കുന്നതിനുള്ള ടെണ്ടര്‍ ഈ മാസം 12ന് തുറക്കുമെന്ന് പിഡബ്ല്യൂഡി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതോടെ ഇനി മുതല്‍ ദേശീയപാതയില്‍ പുതിയ അറ്റകുറ്റപണികള്‍ നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

 

സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി

അവധി ദിനങ്ങളിലും മറ്റും യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുമൂലം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വളരെയേറെ കഷ്ടപ്പെടുന്നു. ഇങ്ങനെ നിയമലംഘനം കണ്ടെത്തുന്നതിനായി അവധി ദിനങ്ങളിലടക്കം പരിശോധന നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

 

ഡിജിറ്റലായി ജില്ലാ വികസനസമിതി

ജില്ലാ പ്ലാനിങ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വികസന സമിതി യോഗത്തിന്റെ റിപ്പോര്‍ട്ട് ദൃശ്യചാരുതകളോടെ  അവതരിപ്പിച്ചു . ജില്ലയുടെ വികസനത്തിനായി പദ്ധതികളാവിഷ്‌കരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന പ്രധാനപ്പെട്ട യോഗത്തില്‍ മുഴുവന്‍ കാര്യങ്ങളും അനിമേഷന്‍, ഗ്രാഫിക്‌സ് ദൃശ്യചാരുത യോടെയാണ് അവതരിപ്പിച്ചത് . ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടറുടെയും എം.പി യുടെയും എം.എല്‍.എ മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെയും ചിത്രങ്ങളുള്‍പ്പെടെ, സമഗ്ര വിവരങ്ങള്‍ ഗ്രാഫിക്‌സ് ആയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്  സത്യപ്രകാശിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാ വികസന സമിതി യോഗത്തിന്റെ അജണ്ട, ചെയര്‍മാന്റെ  വാക്കുകളിലൂടെയുള്ള അവതരണം, കഴിഞ്ഞ വികസന സമിതി യോഗത്തിലെ തുടര്‍ നടപടി അവലോകനം, വിവിധ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ , എം.എല്‍.എ ഫണ്ട.് പദ്ധതി പുരോഗതി അവലോകനം, വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനം, പദ്ധതി പുരോഗതി അവലോകനം, തുടങ്ങിയവയെല്ലാമാണ്  അവതരിപ്പിച്ചത്. ജില്ലാ വികസന സമിതി യോഗത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ പ്ലാനിങ് ഓഫീസര്‍ റിപ്പോര്‍ട്ട്  അവതരിപ്പിക്കുന്നത്.

 ജില്ലാ വികസനസമിതി യോഗത്തിന്റ കഴിഞ്ഞ ഒരുവര്‍ഷമായി സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നടത്തിയ ആമുഖ പ്രസംഗങ്ങള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി കെ.കുഞ്ഞിരാമന്‍ എം.എല്‍.എപ്രകാശനം ചെയ്തു.

 

ജില്ലാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

 

ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്പായ 'എന്റെ ജില്ല' യോഗത്തില്‍ പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ രാജന്‍ ആപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലയിലെ 520 സര്‍ക്കാര്‍ ഓഫീസുകളുടെ വിലാസം, ഫോണ്‍ നമ്പര്‍, ജിപിഎസ് ലൊക്കേഷന്‍, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കുക. വിവിധ വിഭാഗങ്ങളായാണ് ഇനം തിരിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. കൂടാതെ പ്രധാന ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കുകളും ആപ്പില്‍ ലഭിക്കും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിലാണ് ആപ്പ് തയ്യാറാക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം.

 

'ഭൂജല സംരക്ഷണവും പരിപാലനവും' ലഘുലേഖ പ്രകാശനം ചെയ്തു

 

സംസ്ഥാന ഭൂജല വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ് പുറത്തിറക്കിയ 'ഭൂജല സംരക്ഷണവും പരിപാലനവും' ലഘുലേഖ ജില്ലാ വികസന സമിതി യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ ,  എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലയില്‍ ഭൂജല വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍,നേട്ടങ്ങള്‍ തുടങ്ങിയവ ലഘുലേഖയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.  ജില്ലയിലെ ഭൂജലം ഗുണനിലവാരമുള്ളതാണെങ്കിലും ചില സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.  കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സംരക്ഷിക്കാനും ശ്രദ്ധിക്കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച് വിദഗ്ദ്ധസമിതിക്ക്  മാത്രമേ ഇനി മുതല്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഇതോടെ ജില്ലയിലെ അനിയന്ത്രിത കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് അറുതിയാകുമെന്ന് ് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ജില്ലയിലെ ജലനിരപ്പ്  ഉയര്‍ത്തുവാന്‍ 418 കുളങ്ങളുടെ നിര്‍മ്മാണവും അഞ്ച് പുഴകളുടെ പുനരുദ്ധാരണവും 11 പുഴ കളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രീയ പരിശോധനകളും  ചെങ്കല്‍ പ്രദേശങ്ങളില്‍ മൂന്നുലക്ഷം മുളം തൈ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തികളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയായി. 

  യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍,  നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം,പി യുടെ പ്രതിനിധി  അഡ്വക്കേറ്റ് എ.ഗോവിന്ദന്‍ നായര്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്  എ.എ.ജലീല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ്, സീനിയര്‍ ഹൈഡ്രോളജിസ്റ്റ് അബ്ദുള്‍ അഷ്‌റഫ് കെ.എം മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു

 

കാസര്‍കോട് വികസന പാക്കേജ്:  216 പദ്ധതികള്‍ പൂര്‍ത്തിയായി

 

കാസര്‍കോട് വികസന പാക്കേജില്‍ 2018-19 വരെ ആവിഷ്‌ക്കരിച്ച 297 പദ്ധതികളില്‍ 216 പദ്ധതികള്‍ പൂര്‍ത്തിയായി. 181 പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 11,123 കോടി രൂപയുടെ പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജ് വഴി 2013 മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയത്. സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കാസര്‍കോട് വികസന പാക്കേജിന് അനുവദിക്കുന്ന പ്രത്യേക ഫണ്ട് എന്നിവയുടെ വിവിധ വിഭവ സ്രോതസുകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

 

ജില്ലയുടെ പുരോഗതിക്ക് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം

 കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടാത്തതും  കാലാനുസൃതമായതും ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്നതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിക്കാന്‍ അവസരം.  ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, ത്രിതല പഞ്ചായത്തുകള്‍, മറ്റ് ഗവണ്‍മെന്റ് ഏജന്‍സികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ തയ്യാറാക്കി നല്‍കാം.  ഇങ്ങനെ ലഭ്യമാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യകത നിര്‍ണ്ണയ സമിതികള്‍ രൂപീകരിച്ചു.  പദ്ധതികളുടെ സാമൂഹികവും സാങ്കേതികതവും സാമ്പത്തികവുമായ ആവശ്യകത നിര്‍ണ്ണയിച്ച  കരട് നിര്‍ദ്ദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കാസര്‍കോട്  വികസന പാക്കേജിന്റെ ജില്ലാതല സമിതി പരിശോധിക്കും. ജില്ലാതല പരിശോധനകള്‍ക്ക് ശേഷം പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കരട് നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വിവിധ മേഖലയില്‍ ശില്‍പശാല സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കും  വിദ്യാര്‍ത്ഥികള്‍ക്കും പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനുളള ഓപ്പണ്‍ ഫോറം  സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും  ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ksdkdp@gmail.com എന്ന് ഇമെയില്‍ വിലാസത്തിലോ സ്‌പെഷ്യല്‍ ഓഫീസര്‍, കാസര്‍കോട് വികസന പാക്കേജ്, കളക്ടറേറ്റ്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്് എന്ന വിലാസത്തിലോ പദ്ധതികള്‍ തയ്യാറാക്കി അയക്കാം. പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍  മേല്‍ വിലാസം , ഫോണ്‍ നമ്പര്‍ എന്നിവ എഴുതണം.

 

date