Skip to main content
ചുമര്‍ചിത്ര രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം

വനിതാ ദിനാചരണം ചുമര്‍ച്ചിത്ര മത്സര വിജയികളെ പ്രഖ്യാപിച്ചു

 

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചുമര്‍ചിത്ര രചനാ മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. വിളയൂര്‍ കോതകുളം സ്വദേശിയായ വി. വിനീതിനാണ് ഒന്നാം സ്ഥാനം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി വരച്ച ചിത്രത്തിനാണ് ഒന്നാം സ്ഥാനം. ആറ്റംസ് കോളേജ് ഓഫ് മീഡിയ ആന്‍ഡ് ടെക്‌നോളജി സിവില്‍ സ്റ്റേഷനില്‍ വരച്ച ചിത്രത്തിന് രണ്ടാം സ്ഥാനവും ധോണി ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ് ജില്ലാ പഞ്ചായത്തില്‍ വരച്ച ചിത്രത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ചിത്രകാരനായ ബൈജു ദേവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീര എന്നിവരുള്‍പ്പെട്ട സമിതിയാണ് വിധിനിര്‍ണയം നടത്തിയത്. വനിതാദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ അനു റോയ് ഒന്നാം സ്ഥാനവും കെ ഹരിപ്രിയ രണ്ടാം സ്ഥാനവും  നേടി.

date