Skip to main content

രാജ്യത്തെ 22 ഇ എം എം ആര്‍ സികളുടെ ഡിജിറ്റല്‍ കണ്ടന്റുകള്‍ ഇനി കാലിക്കറ്റിലും

     രാജ്യത്തെ 22 എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്ററുകള്‍ തയ്യാറാക്കിയ എണ്‍പതോളം വിഷയങ്ങളിലെ ഡിജിറ്റല്‍ കണ്ടന്റുകള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലും ഇനി ലഭ്യമാകും. സര്‍വ്വകലാശാല സി.എച്ച് സെന്‍ട്രല്‍ ലൈബ്രറിയിലാണ് ഡിജിറ്റല്‍ ലോഞ്ച് സൗകര്യമൊരുക്കുക. ബിരുദ - ബിരുദാനന്തര വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ - ഓഡിയോ കണ്ടന്റുകളാണ് ലഭ്യമാക്കുന്നത്. രാജ്യത്തെ ഇ എം എം ആര്‍ സി കള്‍ എണ്‍പതോളം വിഷയങ്ങളിലുള്ള ഡിജിറ്റല്‍ കണ്ടന്റുകളുടെ പകര്‍പ്പ് സര്‍വ്വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്. സര്‍വ്വകലാശാല പ്രത്യേക സെര്‍വര്‍ സജ്ജീകരിച്ച് ഇവ സൂക്ഷിക്കുകയാണ്. 
   സര്‍വ്വകലാശാല സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രറി സയന്‍സ് പഠന വിഭാഗം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഡിജിറ്റല്‍ ലോഞ്ച് ഒരുക്കുക. ഇവിടെ ഫര്‍ണിച്ചര്‍ സൗകര്യവും ഒരുക്കും. വിവിധ വിഷയങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 32 ഡിടിഎച്ച് ചാനലുകളും ലഭ്യമാക്കുമെന്ന് ലൈബ്രറിയന്‍ ഡോ. ടി എ അബ്ദുള്‍ അസീസ് പറഞ്ഞു.   സംഘങ്ങളായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ ചാനലുകള്‍ ലഭ്യമാക്കുക. ഇ എം എം ആര്‍ സികളുടെ നോഡല്‍ സമിതിയായ കണ്‍സോഷ്യം എഡ്യുക്കേഷന്‍ കമ്യൂണിക്കേഷന്‍ അവരുടെ വെബ്‌സൈറ്റില്‍ അതത് ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന വിദ്യാഭ്യാസ പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കും.  ഇതു പ്രകാരം കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ഡിടിഎച്ച് ചാനലുകള്‍ കാണാന്‍ അവസരം തേടാം. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധരുടെ ക്ലാസുകള്‍ സൗജന്യമായി ലഭ്യമാകുമെന്നതാണ് സംവിധാനത്തിന്റെ നേട്ടം.
 

date