Skip to main content

ഹരിതചട്ടപാലനം : ജില്ലാതല പരിശീലനം നടത്തി

 

 

 

സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിതചട്ടപാലനം പരിശോധിക്കുന്നതിനുള്ള  ഹരിത ഓഡിറ്റും അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്  ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  ജില്ലാതല പരിശീലനം നല്‍കി.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേയും ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ പരിശശോധനയിലൂടെ വിലയിരുത്തി ന്യൂനതകള്‍ പരിഹരിക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി 'ഹരിത ഓഫീസ്' സാക്ഷ്യ പത്രവും അനുകരണീയ മാതൃക സൃഷ്ടിച്ചവയ്ക്ക് അവാര്‍ഡ് നല്‍കുകയുമാണ് ലക്ഷ്യം.  ഇതിനായി സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലം വരെ ജില്ല, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി പരിശോധന സംഘത്തെ രൂപീകരിച്ചാണ്  വിലയിരുത്തല്‍ നടത്തുക. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ഓഫീസുകള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗ്രേഡ് നിശ്ചയിച്ചു നല്‍കുകയും ചെയ്യും. പരിശോധയില്‍ 90 മുതല്‍ 100 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80 മുതല്‍89 വരെ മാര്‍ക്കിന് ബി ഗ്രേഡും 70 മുതല്‍79 വരെ മാര്‍ക്കിന് സി ഗ്രേഡുമാണ് നല്‍കുന്നത്.  70 ല്‍ താഴെ മാര്‍ക്ക് വാങ്ങുന്ന ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കില്ല.   പകരം ഒരു മാസത്തെ സമയപരിധി നല്‍കി പുന:പരിശോധന നടത്തും.  

 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് അസി.സെക്രട്ടറിമാര്‍, മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരിതസഹായ സ്ഥാപന പ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ - ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി വിവിധ ടീമുകളായി സിവില്‍ സ്റ്റേഷനിലെ 16 ഓഫീസുകളിലെ സാമ്പിള്‍ പരിശോധന നടത്തി. 

 

ഓഫീസുകളിലെ ഹരിതചട്ടപാലനം സംബന്ധിച്ച് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് വിഷയാവതരണം നടത്തി.  ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ ഷിബിന്‍.കെ, രാജേഷ.്എ എന്നിവര്‍ ഹരിത ഓഡിറ്റ് മാര്‍ഗരേഖ, മൊബൈല്‍ ആപ്ലിക്കേഷന്‍  എന്നിവ പരിചയപ്പെടുത്തി.  സാമ്പിള്‍ ഓഡിറ്റ് അവലോകനവും തദ്ദേശഭരണ സ്ഥാപനതല ഓഡിറ്റ് ആസൂത്രണവും നടന്നു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കബനി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നാസര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

date