Skip to main content

ജില്ലാ ജാഗ്രതാ സമിതി:  21 കേസുകള്‍ പരിഗണിച്ചു  സമിതിക്ക് മുമ്പാകെ ഊരുവിലക്ക് പരാതി

 ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ ജാഗ്രത സമിതി മുമ്പാകെ ലഭിച്ച  നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂരിപറമ്പ്- കോതച്ചിറ -പെരിങ്ങോട് നിവാസികളായ  ദമ്പതികളെ 11 വര്‍ഷമായി  ഊരുവിലക്കിയ പരാതിയില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കൂടാതെ മനുഷ്യാവകാശ-വനിതാ കമ്മീഷനുകളിലും മുഖ്യമന്ത്രി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി, എസ്.പി എന്നിവര്‍ക്ക് പരാതി  നല്‍കുമെന്നും ജാഗ്രതാ സമിതി അറിയിച്ചു.  ് ദമ്പതികള്‍ പ്രണയിച്ച വിവാഹം ചെയ്തതിനാലാണ് ഊരുവിലക്കിയത്. ഈ കാരണത്താല്‍ തങ്ങള്‍ക്ക് സ്വന്തം കുടുംബത്തിലോ  സമുദായത്തിലോ പ്രവേശനമില്ലെന്ന് കാണിച്ചാണ് ദമ്പതികള്‍ സമിതിക്ക് മുമ്പാകെ പരാതി നല്‍കിയത്.  സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പിലുള്ള മരുന്ന് രോഗികള്‍ക്ക് കുറുപ്പായി  എഴുതണമെന്ന് മെഡിക്കല്‍ഷോപ്പ് ഉടമ നിര്‍ബന്ധിക്കുന്നതായി കാണിച്ച് ഡോക്ടര്‍ നല്‍കിയ പരാതി സമിതി പരിശോധിക്കുകയും സമിതി  സ്വകാര്യ മെഡിക്കല്‍ ഷോപ് പ്രതിനിധിക്ക് താക്കീത് നല്‍കുകയും ചെയ്തു. ഇത്തരം പ്രവണത ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു. ഭര്‍ത്താവും കുടുംബവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ആലത്തൂര്‍ സ്വദേശി  നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുവാനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതി തീരുമാനിച്ചു. സമിതിക്ക് മുന്നിലെത്തിയ കേസുകളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമ, വസ്തുസംബന്ധമായ കേസുകളാണ്. അതോടൊപ്പം സമിതിക്ക് മുമ്പാകെ  മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ യുവതിക്ക് സമിതി ആവശ്യമായ നിയമ പരിരക്ഷയും പരിചരണവും ഉറപ്പാക്കിയിരുന്നു.  ഇവര്‍ കുടുംബത്തോടൊപ്പമെത്തി  കുടുംബത്തിന്റെ നിലവിലെ സമാധാന അന്തരീക്ഷം സന്തോഷപൂര്‍വ്വം സമിതി മുമ്പാകെ അറിയിച്ചതും സിറ്റിങില്‍ ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ ജാഗ്രത സമിതി യോഗത്തില്‍ 21 കേസുകളാണ് പരിഗണിച്ചത്.  സമിതി അംഗങ്ങളായ പി.വിജയലക്ഷ്മി ടീച്ചര്‍, അഡ്വ. കെ.പി ശ്രീകല, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍, കെ.ബിന്ദു,  ജില്ല വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, ഭൂമിക കൗണ്‍സിലര്‍ ഷൈലു മാത്യു, വനിതാസെല്‍ എസ്.ഐ പി.ശോഭന, വനിതാസെല്‍ പ്രതിനിധി ഹബീഷ എന്നിവര്‍ സിറ്റിങിന്് നേതൃത്വം നല്‍കി.

ജാഗ്രത സമിതി ഉദ്ദേശ്യലക്ഷ്യങ്ങള്‍

 സ്ത്രീകളും പെണ്‍കുട്ടികളും കക്ഷികളായിട്ടുള്ള പരാതികള്‍ സ്വീകരിക്കുക, പരിഹരിക്കുക

 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുക

 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ സഹായിക്കുക

 കക്ഷികള്‍ക്ക് ആവശ്യമായ നിയമസഹായവും ഉപദേശവും പരിചരണവും ഉറപ്പാക്കുക.

date