Skip to main content
തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി എഡ്യു ഫെസ്റ്റ് 2020 കുറുമാത്തൂർ ജി വി എച് എസ് എസ് അങ്കണത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അധ്യാപകര്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ വക്താക്കളാകണം: മന്ത്രി സി രവീന്ദ്രനാഥ്

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ലോകത്തിന് തന്നെ മാതൃകയാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി അധ്യാപകര്‍ മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തളിപ്പറമ്പ് വിദ്യാഭ്യാസ മണ്ഡലം എജ്യുഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വെക്കുന്നത് മാത്രമല്ല ആധുനിക വിദ്യാഭ്യാസം. മറിച്ച് സാമ്പ്രദായിക വിദ്യാഭ്യാസ രീതിയെ അടര്‍ത്തിമാറ്റി അവയിലെ ഗുണപ്രദമായ വശങ്ങളെ മാത്രം സ്വീകരിച്ച് ഏറ്റവും ആധുനിക അറിവ് ഉള്‍ക്കൊള്ളുന്നതാണ് വിദ്യാഭ്യാസം എന്നതാണ് ഈ ആശയം മുന്നോട്ട് വെക്കുന്നത്. ഹൈടെക് വിദ്യാഭ്യാസം എന്ന ഒരു വാക്കിലേക്ക് ഈ ആശയത്തെ ചുരുക്കരുത്. അതിന്റെ ഒരു ഭാഗം മാത്രമാണ് ഹൈടെക്‌വല്‍ക്കരണം. ഈ വസ്തുതയാണ് അധ്യാപകര്‍ ആദ്യം തിരിച്ചറിയേണ്ടത്.  
ഒരോ കുട്ടിയുടെയും സര്‍ഗ്ഗശേഷിയെ അതിന്റെ സാധ്യതകള്‍ക്കനുസരിച്ച് പരമാവധി വളര്‍ത്തുകയാണ് ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ ചെയ്യുന്നത്. പാഠ്യപദ്ധതിയും സമീപന രീതിയും ആധുനികമല്ലാത്തതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. അതിന് ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ മാറ്റം വരുത്താനാകും. ഇതൊക്കെ ക്ലാസുകളിലേക്കെത്തേണ്ടത് അധ്യാപകരിലൂടെയാണ്. പാഠപുസ്തകങ്ങളിലൂന്നി പരീക്ഷയ്ക്ക് മാത്രമായുള്ള പഠന രീതി മാറ്റുകയാണ് ആദ്യ ലക്ഷ്യം. ഇവിടെയാണ് അധ്യാപകരുടെ പങ്കാളിത്തം പ്രധാനമാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  ഒരു കാര്യം ഇങ്ങനെയാണ് എന്ന് പഠിപ്പിക്കുന്നതിന് പകരം  എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കണം. അതിനാണ് ഹൈടെക് വിദ്യാഭ്യാസ രീതിയിലൂടെ അധ്യാപകര്‍ ശ്രമിക്കേണ്ടത്. നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് സമ്പന്നമായ അറിവിന്റെ പരിസരത്തേക്ക് വിദ്യാഭ്യാസം മാറണം. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും സ്വയം നവീകരണത്തിന് തയ്യാറാവണം. ഗുണനിലവാരത്തില്‍ 100 പോയിന്റ് നേടുന്ന സംസ്ഥാനമായി കേരളം ഈ അധ്യയന വര്‍ഷം മാറണം. 82 പോയന്റുള്ള നമുക്ക് ഇത് അപ്രാപ്യമല്ലെന്നും മന്ത്രി പറഞ്ഞു. 2020-2021 വര്‍ഷം കേരളത്തിന്റെ സുവര്‍ണ അക്കാദമിക വര്‍ഷമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ പി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, തളിപ്പറമ്പ നഗരസഭാ അധ്യക്ഷന്‍ മഹമ്മൂദ് അള്ളാംകുളം, അന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമള ടീച്ചര്‍, കണ്ണൂര്‍ ആര്‍ഡിഡി പി എന്‍ ശിവന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി സനകന്‍, സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫീസര്‍ ടി പി അശോകന്‍, ജില്ല പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍  ടി പി വേണുഗോപാലന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date