Skip to main content

കോവിഡ് 19: വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി  ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും

കല്‍ബുര്‍ഗി, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലെത്തിയ വിദ്യാര്‍ഥികള്‍ക്കു സഹായഹസ്തവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച സാഹചര്യത്തില്‍ നാട്ടില്‍ തിരികെയെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാ ഭരണകൂടം സഹായവമായി എത്തിയത്. 

തെലങ്കാനയിലെ കോളേജില്‍ നിന്നു നാട്ടിലേക്കു തിരിച്ച ഏഴ് വിദ്യാര്‍ഥികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്കു വിളിക്കുകയായിരുന്നു.  കോള്‍ സെന്ററില്‍ വിവരം ലഭിച്ച ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇന്നലെ(മാര്‍ച്ച് 17) പുലര്‍ച്ചെ രണ്ടരയോടെ കായംകുളം റെയിവേ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥികളെ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പരിശോധനയ്ക്കായി അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരിശോധനകള്‍ക്കുശേഷം ഇവരെ വീടുകളില്‍ 14 ദിവസത്തെ നിരീക്ഷണത്തിനയച്ചു. 

 കഴിഞ്ഞദിവസം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളും കോള്‍സെന്ററില്‍ ബന്ധപ്പെടുകയും അവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കായംകുളം പി.എച്ച്.സി യില്‍ എത്തിച്ച് പരിശോധനനടത്തിയ ശേഷം വീടുകളില്‍ നിരീക്ഷണത്തിനയച്ചു. ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. 14 ദിവസമാണ് ഈ വിദ്യാര്‍ഥികളുടെയും നിരീക്ഷണ കാലാവധി.

അതിഥി സംസ്ഥാനങ്ങളില്‍ പഠനത്തിനായി പോയിട്ടുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇനിയും ജില്ലയില്‍ എത്താനുണ്ട്. ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ വഴി ലഭിക്കും. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കോള്‍ സെന്റര്‍ നമ്പര്‍: 0468 2228220

date