Skip to main content

കോവിഡ് 19: ജില്ലാഭരണകൂടത്തിന് പൂര്‍ണ പിന്തുണയുമായി  മതമേലധ്യക്ഷന്മാര്‍

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ജില്ലാ ഭരണകൂടത്തിന് പൂര്‍ണ പിന്തുണയുമായി മതമേലധ്യക്ഷന്മാര്‍. 

ജീവനുണ്ടെങ്കില്‍ മാത്രമേ മതസംഘടനകള്‍ നിലനില്‍ക്കുകയുള്ളൂ. ഉത്സവങ്ങള്‍ ചടങ്ങുകളായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കെട്ടുകാഴ്ചകളും അനുബന്ധപരിപാടികളും മാറ്റിവച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരോട് പൊതുജനങ്ങള്‍ കരുണയോടുകൂടിയുള്ള സമീപനമായിരിക്കണമെന്നും ജില്ലാഭരണകൂടം നിശ്ചയിക്കുന്ന സമയപരിധിയില്‍ സന്നദ്ധസംഘടനകളുടെ പരിപാടികള്‍ നിര്‍ത്തിവയ്ക്കുമെന്നും എന്‍.എസ്.എസ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യൂണിയനുകളും ശാഖകളും നടത്താന്‍ ഉദ്ദേശിച്ച ശ്രീനാരായണഗുരു കണ്‍വന്‍ഷനും കുടുംബസംഗമവും പുലയര്‍ മഹാസഭ നടത്തിവരുന്ന കുടുംബസംഗമവും പരിപാടികളും മാറ്റിവച്ചതായി എസ്.എന്‍.ഡി.പി, പുലയര്‍ പ്രതിനിധികള്‍ അറിയിച്ചു. രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ധാരണയില്ലാത്ത പ്രദേശങ്ങളില്‍ ബോധവത്കരണം നടത്തണമെന്ന് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. 

റാന്നിയില്‍ കഴിഞ്ഞ ഞായറാഴ്ചയോടുകൂടി ഒട്ടുമിക്ക പള്ളികളിലും കുര്‍ബാനകള്‍ നടത്തിയില്ലെന്നും ചില പള്ളികളില്‍ ചുരുങ്ങിയ ആളുകളെ ഉര്‍ക്കൊള്ളിച്ച് കുര്‍ബാന ചടങ്ങുകള്‍ മാത്രമായി നടത്തിയെന്നും ക്നാനായ പ്രതിനിധികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരം ഈ പ്രത്യേക സാഹചര്യത്തില്‍ ആരാധനാ സമയം ക്രമീകരിക്കുകയും പള്ളികളില്‍വരുന്ന വിശ്വാസികളുടെ എണ്ണം കുറയ്ക്കുയും ചെയ്യുമെന്ന് സി.എസ്.ഐ, പെന്തക്കോസ്ത്, മാര്‍ത്തോമാ സൂറിയാനി, സെന്റ് തോമസ് ഓര്‍ത്തഡോക്സ് എന്നീ വിഭാഗത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കുര്‍ബാനകളില്‍ അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ വച്ചുകൊടുക്കുന്നത് നിര്‍ത്തിവച്ചു. പരീക്ഷ, കണ്‍വന്‍ഷന്‍, സണ്‍െ

ഡ സ്‌കൂള്‍ തുടങ്ങിയവ നിര്‍ത്തിവച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചടങ്ങുകള്‍ മാത്രമാക്കി ആരാധനകള്‍ നടത്തുമെന്നും ജില്ലാഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സുറിയാനി പ്രതിനിധികള്‍ അറിയിച്ചു. വിശ്വാസത്തേയും മതവികാരത്തേയും വ്രണപ്പെടുത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ പ്രതിനിധികള്‍ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. 

ദിവസേനയുള്ള അഞ്ചു നേരത്തെ നിസ്‌ക്കാരവും വെള്ളിയാഴ്ച നടത്തിവരുന്ന ജുമുഅ നിസ്‌ക്കാരവും ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കുമെന്നും വിവാഹ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി പള്ളികളില്‍ മാത്രമായി നടത്തുമെന്നും മുസ്ലീം ജമാഅത്ത് പ്രതിനിധികള്‍ അറിയിച്ചു. 

കോവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പത്തില്‍ കൂടുതല്‍ ആളുകളെ മതപരമായ ചടങ്ങുകളില്‍ ഉള്‍പ്പെടുത്തരുതെന്ന ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ  അഭ്യര്‍ഥനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മതമേലധ്യക്ഷന്മാര്‍ യോഗത്തില്‍ അറിയിച്ചു.

 

date