Skip to main content

തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടം കൂടി ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം

തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടംകൂടി പണിയെടുക്കുന്നത് ഒഴിവാക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ ഡയറക്ടറുടെ നിർദ്ദേശം. കുറഞ്ഞത് ഒരു മീറ്റർ അകലം പാലിച്ചായിരിക്കണം ജോലി ചെയ്യേണ്ടത്. പണിയായുധങ്ങൾ പരസ്പരം കൈമാറരുതെന്ന് മാത്രമല്ല മാസ്‌കും കൈയുറയും നിർബന്ധമായും ധരിക്കണം. ജില്ലയിൽ കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളും ബന്ധപ്പെട്ടവരും സ്വീകരിക്കേണ്ട മുൻകരുതലുകളും നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയത്.
*തൊഴിലാളികൾ ജോലി തുടങ്ങുന്നതിനു മുൻപും ശേഷവും ഇടവേളകളിലും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും ഇത് ആവർത്തിക്കണം
* സോപ്പും വെള്ളവും പ്രവൃത്തി സ്ഥലത്ത് ലഭ്യമാക്കണം. ഇതിൻറെ ചെലവ് പദ്ധതിയിൽ ഉൾക്കൊള്ളിക്കും
* ഓരോരുത്തരും സ്വന്തമായി ഒരു തോർത്ത് വിയർപ്പ് തുടയ്ക്കാൻ കരുതണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിച്ച് വായും മൂക്കും മൂടണം. പ്രവൃത്തി പരിസരങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം.
* തൊഴിലാളികളിൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തെ ഫോൺ മുഖേന ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകരുടെ ഫോൺ നമ്പർ നിർബന്ധമായും ഓരോരുത്തരും സൂക്ഷിക്കണം.
അടിയന്തര ഘട്ടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ സെൽ നമ്പറായ 0487 2320466 എന്ന നമ്പറിൽ വിളിക്കണമെന്നും മിഷൻ ഡയറക്ടർ അറിയിച്ചു.

date