Skip to main content

കോവിഡ് 19 : പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി

കോൾഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കളക്ടറേറ്റിലും കോടതിയിലുമെത്തുന്ന ജീവനക്കാർക്കും പൊതുജനത്തിനും വ്യക്തിശുചിത്വം സംബന്ധിച്ച് ബോധവൽക്കരണം നടത്തി. കൈകഴുകാൻ സാനിറ്റൈസർ ലഭ്യമാക്കുകയും ചെയ്തു. വെസ്റ്റ് ഫോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്, തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് ഫാർമസി, വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നഴ്‌സിംഗ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ഈ സേവനം ഒരുക്കിയത്. ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. പ്രളയത്തിന് ഏവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചത് പോലെ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഏവരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സേവനം ഒരുക്കിയത്. സാനിറ്റൈസറും ഹാൻഡ് വാഷും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഡെമോയും ഇതിന്റെ ഭാഗമായി നടത്തി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഈ സേവനം ലഭ്യമായത്. വെസ്റ്റ് ഫോർട്ട് സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, നഴ്‌സുമാർ,വെസ്റ്റ് ഫോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ പ്രൊഫ. ഷീബ ഭാസ്‌കർ, വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. അനിൽ ബാബു, വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിജോ ജോർജ് എന്നിവർ നേതൃത്വം നൽകി. പൊതുജനം മികച്ച രീതിയിലാണ് ഇവരുടെ പ്രവർത്തനത്തോട് പ്രതികരിച്ചത്. രോഗപ്രതിരോധത്തിനായെടുക്കേണ്ട മുൻകരുതലുകൾ അടങ്ങുന്ന നോട്ടീസ് വിതരണവും ഇതിനോടൊപ്പം നടത്തി.

date