Skip to main content

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജാഗ്രത നിര്‍ദേശം

 

 

കോവിഡ്-19 മാഹിയില്‍ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദ്രുതകര്‍മ സേന അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മൈക്ക് അനൗണ്‍സമെന്റ് നടത്താനും വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ച 82 പേരെ കര്‍ശനമായും നിരീക്ഷിക്കുവാനും ഓഡിറ്റോറിയത്തിലെ 31 വരെയുള്ള എല്ലാ ചടങ്ങുകളും നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചു. ജിംനേഷ്യം, സ്പോര്‍ട്സ് ടര്‍ഫ് എന്നിവയിലെ എല്ലാ പരിപാടികളും നിര്‍ത്തിവയ്പ്പിക്കും.

കുഞ്ഞിപ്പള്ളി കമ്മിറ്റിയുമായി സംസാരിച്ച് കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ നിയന്ത്രിക്കും. ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസ്, മാഹി റെയില്‍വ്വെ  സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യം ഏര്‍പ്പെടുത്തി, ചോമ്പാല്‍ ഹാര്‍ബര്‍, മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈ കഴുകുന്ന രീതി പ്രദര്‍ശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിന് ഹിന്ദിയില്‍ നോട്ടിസ് തയാറാക്കി നല്‍കും. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍ സന്നന്ധ സംഘടനകള്‍, അല്‍ഹിക്ക്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുടെ സഹായത്തോടെ പഞ്ചായത്തിന്റെ 15 പൊതു സ്ഥലങ്ങളില്‍ കൈ കഴുകുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളിലും ശുചിത്വം ഉറപ്പ് വരുത്തും. മാഹി അതിര്‍ത്തിയിലുള്ള കല്യാണ മണ്ഡപത്തിലെ പരിപാടികള്‍ നിയന്ത്രിക്കുവാന്‍ മാഹി അധികാരികളോട് അഭ്യര്‍ത്ഥിക്കും.

പ്രസിഡന്റ് വി.പി.ജയന്‍, വൈസ് പ്രസിഡന്റ് ഷിബ അനില്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ നസീര്‍, പോലിസ് സബ് ഇന്‍സ്പെക്ടര്‍മാരായ നിഖില്‍, അനൂപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉഷ, മെംബര്‍മാരായ ഇ.ടി.അയ്യൂബ്, മഹിജ തോട്ടത്തില്‍, സുകുമാരന്‍ കല്ലറോത്ത്, ശ്രീജേഷ് കുമാര്‍, വഫ ഫൈസല്‍, ശുഭ മുരളിധരന്‍, ആരോഗ്യ വകുപ്പ് ജീവനക്കാരായ, സജിവന്‍, റീന, ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

date