Skip to main content

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്  987 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍ സജീവമായി. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേനെ അതിഥി തൊഴിലാളികള്‍ തീരെ കുറച്ച് താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതലും നാട്ടിന്‍പുറങ്ങളില്‍ ലോക്ക് ഡൗണ്‍ സമയത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായാണ് അടുക്കളകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

 

കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അടുക്കളകള്‍ സജീവമായിരുന്നു. ബള്ളൂര്‍ പഞ്ചായത്തില്‍ അടുക്കള പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം 19 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കുടുംബ ശ്രീ ക്യാന്റീനില്‍ പാകം ചെയ്ത ഭക്ഷണം 480 പേര്‍ക്ക് എത്തിച്ചു നല്‍കി. മുളിയാര്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണില്‍നിന്നും 300 പേര്‍ക്ക് ഭക്ഷണം നല്‍കി.

 

ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി കുടുംബശ്രീ ക്യാന്റീനില്‍ പാകം ചെയ്ത ഭക്ഷണം 168 പേര്‍ക്ക് വിതരണം ചെയ്തു. കാറഡുക്ക പഞ്ചായത്ത് മുള്ളേരിയ ടൗണില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയിലൂടെ  20 ഇരുപത് പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കി. കുംബഡാജെ, ദേലംപാടി പഞ്ചായത്തുകളില്‍ അതിഥി തൊഴിലാളികള്‍ ഇല്ലെന്നും എന്നാല്‍ നാട്ടില്‍ ആവശ്യക്കാര്‍ ഉണ്ടെന്ന് കാണുന്ന ദിവസം മുതല്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം തയ്യാറാണെന്നുമാണ് അറിയിച്ചത്.

 

ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ അടുക്കളയിലൂടെ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതോടൊപ്പം അവര്‍ക്ക് ആവശ്യമായ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളും കൈമാറിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും ജാഗ്രതാ സമിതി പ്രവര്‍ത്തകരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും കുടുംബശ്രീ ക്യാന്റീനുകളിലൂടെ മികച്ച ഭക്ഷണമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരും തന്നെ ഭക്ഷണം ലഭിക്കാതെ പട്ടിണിയാകില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ പറഞ്ഞു.

date