Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: വിജ്ഞാപനമായി

സംസ്ഥാനത്ത് വാഹന നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് 01.04.2020 മുതൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി.  ഇതുപ്രകാരം 2020 മാർച്ച് 31 വരെ നാല് വർഷമോ അതിൽ കൂടുതലോ കാലയളവിൽ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.  പദ്ധതി 2020 ഡിസംബർ 31 വരെ തുടരും.  നോൺ ട്രാൻസ്പോർട്ട് (സ്വകാര്യ) വാഹനങ്ങൾക്ക് 40 ശതമാനവും ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നികുതി കുടിശ്ശിക അടച്ചാൽ നികുതി ബാധ്യത പൂർണ്ണമായും അവസാനിപ്പിക്കാം. ഇപ്രകാരം കുടിശ്ശിക അടച്ച വാഹനങ്ങൾ അത്തരം വാഹനങ്ങൾ പൊളിച്ചുപോയതായാലും നഷ്ടപ്പെട്ടതായാലും മറ്റ് നടപടികൾ അവസാനിപ്പിക്കും.
വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്ന രസീതോ സമർപ്പിക്കാതെ തന്നെ കുടിശ്ശിക തുക അടയ്ക്കാം. റവന്യൂ റിക്കവറി നേരിടുന്ന വാഹന ഉടമകൾക്കും പദ്ധതി പ്രകാരം കുടിശ്ശിക തുക അടച്ച് ബാധ്യത പൂർണ്ണമായും തീർക്കാം.
വാഹന ഉടമകൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പി.എൻ.എക്സ്.1285/2020

date