Skip to main content

സൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 മുതൽ: തിരക്ക് ഒഴിവാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം

ജില്ലയിൽ ഇന്ന് (ഏപ്രിൽ 1) മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കുന്ന സാഹചര്യത്തിൽ റേഷൻകടകളിലെ തിരക്കു നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച മുഴുവൻ നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കണം. ഒരേസമയം ഒരു റേഷൻകടയിൽ അഞ്ചിൽ കൂടുതൽ ആളുകൾ ക്യൂ നിൽക്കാൻ പാടില്ല. ഒരു മീറ്റർ അകലം പാലിച്ചാവണം ആളുകൾ റേഷൻ വാങ്ങാൻ വരി നിൽക്കേണ്ടത്. റേഷൻ കടയുടെ പരിസരത്തുളള നാലു വാർഡുകളിൽ നിന്നുളള കാർഡുടമകൾ ഉണ്ടെങ്കിൽ ഓരോ വാർഡിൽ നിന്ന് പരമാവധി 15 എഎവൈ/പിഎച്ച്എച്ച് (മഞ്ഞ/പിങ്ക്) കാർഡുടമകൾ ഓരോ മണിക്കുറിലും കടയിലെത്തി റേഷൻ വാങ്ങുന്നതിന് സമയം ക്രമീകരിക്കണം. മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ 60 കാർഡുമടകൾക്ക് റേഷൻ വാങ്ങിക്കാവുന്നതാണ്. ഇതിനായി വാർഡ് മെമ്പർമാരുടെയും വളണ്ടിയാർമാരുടെയും സഹായം സ്വീകരിക്കാം.
നീല, വെള്ള കാർഡുടമകൾക്കളെ (എൻപിഎസ്/എൻപിഎൻഎസ്) വാർഡ് തലത്തിൽ എണ്ണം ക്രമീകരിച്ച് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ച് വരെ റേഷൻ നൽകാവുന്നതാണ്. ഇപ്രകാരം സമയം ക്രമീകരിക്കുമ്പോൾ അറിയാതെ ആരെങ്കിലും റേഷൻ വാങ്ങാൻ എത്തിയാൽ ആ കാർഡുടമയെ ബുദ്ധിമുട്ടിക്കാതെ വിധത്തിൽ വിതരണം ക്രമീകരിക്കണം. കഴിയുന്നതും ആരെയും തിരിച്ചയ്ക്കാൻ പാടില്ല.
റേഷൻ വിതരണം സുഗമമാക്കുന്നതിന് തിരക്ക് നിയന്ത്രിക്കാൻ അതത് എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സന്നദ്ധ വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകേണ്ടതാണ്. എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യ റേഷൻ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ട്. റേഷൻ വിഹിതം ലഭിക്കാത്ത സാഹചര്യം ഒരുകാരണവശാലും ഉണ്ടാകില്ല. റേഷൻ വിതരണം സുഗമമാക്കുന്നതിന് മാറ്റങ്ങൾ ആവശ്യമാണെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ, ജനപ്രതിനിധികൾ എന്നിവർ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി ജില്ലയിലെ വിവിധ താലൂക്കുകളിൽ പൊതുവിതരണവകുപ്പ് പരിശോധന നടത്തി. 18 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്കു വിഭാഗത്തിൽ 28ഉം പച്ചക്കറി വിഭാഗത്തിൽ 39 സ്ഥാപനങ്ങളുമായി 67 സ്ഥാപനങ്ങളിലായാണ് പൊതുവിതരണ വകുപ്പിൻറെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.

date