Skip to main content

ലോക്ഡൗൺ: പച്ചക്കറികൃഷിക്ക് ഹരിതകേരളം മിഷന്റെ പ്രോത്സാഹനം

കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേർപ്പെടുന്നവർക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്കായി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശിച്ചമനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മാർഗ്ഗനിർദ്ദേശവുമായി ഹരിതകേരളം മിഷൻ രംഗത്തെത്തിയത്. കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പച്ചക്കറികൃഷിക്കുളള പ്രോത്സാഹനം. നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിക്കുന്നതിനോടൊപ്പം കൃഷി ഭവൻ, മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താൽപ്പര്യമുള്ളവർ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെട്ടാൽ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ വാട്‌സാപ്പിലൂടെ നൽകും. പോഷക സമൃദ്ധമായ ഇല-പച്ചക്കറികൾ വീട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കാനുതകുന്ന മൈക്രോഗ്രീൻ കൃഷിരീതിയ്ക്കും ഹരിതകേരളം മിഷൻ പ്രോത്സാഹനവും നിർദ്ദേശവും നൽകുന്നുണ്ട്. ഇതു സംബന്ധിച്ച് വീഡിയോകൾ ഉൾപ്പെടെ വിശദ വിവരങ്ങൾ ഹരിതകേരളം മിഷന്റെ ഫേസ്ബുക്ക് പേജുവഴിയും വാട്‌സാപ്പ് നമ്പറുകൾ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. മികച്ച രീതിയിൽ മൈക്രോഗ്രീൻ കൃഷി വീട്ടിൽ ചെയ്യുന്നവരുടെ ഫോട്ടോകൾ മിഷന്റെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കും.
കണ്ണൂർ, എറണാകുളം ജില്ലകളിൽ ഇതിനകം തന്നെ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കണ്ണൂർ ജില്ലയിൽ മികച്ച രീതിയിൽ കൃഷി നടത്തുന്നവർക്ക് സമ്മാനം നൽകാനും ജില്ലാ മിഷൻ നടപടി ആരംഭിച്ചു.
എറണാകുളം ജില്ലയിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കോവിഡ് ജാഗ്രതക്കാലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഇതിനകം 4827 വീടുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കകം വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ചീര, പയർ, വെണ്ട, വഴുതന, മുളക്, പാവൽ, പടവലം, പീച്ചിൽ, കോവൽ, നിത്യവഴുതന, തക്കാളി, അമര, വാലങ്ങ, ചുരയ്ക്ക, മത്തൻ തുടങ്ങിയ പച്ചക്കറി വിളകളും മൈക്രോഗ്രീൻ കൃഷി അനുസരിച്ച് പയർ, കടല, കടുക്, ജീരകം, ഗോതമ്പ്, ഉഴുന്ന്, ചെറുപയർ എന്നിവയുടെ വിത്ത് വിതച്ച് ഇളം തൈകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് ആരംഭിച്ചത്.

date