Skip to main content

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യവുമായി മതിലകം ജനമൈത്രി പോലീസ്

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യവുമായി മതിലകം ജനമൈത്രി പോലീസ്. കൊടുങ്ങല്ലൂർ കോതപറമ്പിൽ താമസിക്കുന്ന മുപ്പതോളം അതിഥി തൊഴിലാളികൾക്കാണ് അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. അതിഥി തൊഴിലാളികളെ സംരക്ഷണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിനിടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 19 ഓളം അതിഥി തൊഴിലാളികൾ ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആക്രി കച്ചവടം നടത്തുന്ന ഇവർക്ക് സാധനങ്ങൾ കൊണ്ടുപോകാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് മൂലം വരുമാനമില്ലാതെ ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ് മതിലകം പോലീസ് ഇവർക്ക് ഭക്ഷ്യധാന്യവുമായി എത്തിയത്. പഞ്ചായത്തും ഇവർക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ എത്തിച്ചിരുന്നു. മറ്റു രണ്ട് അതിഥി ക്യാമ്പുകളിലും പോലീസ് ഭക്ഷ്യവസ്തുക്കൾ നൽകി. അന്യദേശത്ത് നിന്ന് വരുന്ന തൊഴിലാളികൾക്ക് ഭക്ഷണമില്ലാത്ത ഒരവസ്ഥ ഉണ്ടാവരുതെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന്
മതിലകം സി ഐ സി പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു. എസ്.ഐ തോമസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫസൽ, അജന്ത, ഹോം ഗാർഡ് അൻസാരി, ആശാ വർക്കർ ബിന്ദു എന്നിവർ നേതൃത്വം നൽകി.

date