Skip to main content

സൗജന്യ റേഷൻ: അനാവശ്യ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി കയ്പമംഗലം

ഏപ്രിൽ മാസത്തിൽ സൗജന്യ റേഷൻ നൽകാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റേഷൻ കടകളിൽ അനാവശ്യ തിരക്ക് അനുഭവപ്പെടാതിരിക്കാനുള്ള നടപടികളുമായി കയ്പമംഗലം മണ്ഡലം. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരുടെയും റേഷൻ ഭാരവാഹികളുടേയും യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു. റേഷൻ ഉടമയും വാർഡ് തലത്തിലെ പഞ്ചായത്തിന്റെ വളണ്ടിയർമാരും ചേർന്ന് ഓരോ ദിവസവും രാവിലെ 35 പേർക്കും വൈകീട്ട് 35 പേർക്കും ടോക്കൺ സംവിധാനം ഏർപ്പെടുത്തും. ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ച് കൃത്യമായ അകലം പാലിച്ചായിരിക്കണം അരി വിതരണം നടത്തേണ്ടത്. രാവിലെ 9 മണി മുതൽ 1 മണി വരേയും ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരേയുമാണ് റേഷൻ വിതരണം നടക്കുക. അന്ത്യോദയ കാർഡുകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും, പിങ്ക് മുൻഗണനാ കാർഡുകൾക്ക് ഒരാൾക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും, നീല, വെള്ള കാർഡുകൾക്ക് 15 കിലോ അരിയുമാണ് വിതരണം ചെയ്യുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, ബി ഡി ഒ വിനീത സോമൻ, താലൂക്ക് സപ്ലൈസ് ഓഫീസർ ഐ വി സുധീർ കുമാർ, റേഷൻ ഡീലേഴ്സിന്റെ വിവിധ യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date