Skip to main content

2100 ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍  ഇന്നുമുതല്‍(എപ്രില്‍1) വിതരണം ചെയ്യും: ജില്ലാ കളക്ടര്‍ 

കോവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 2100 ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഇന്നു (ഏപ്രില്‍ ഒന്ന്) മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. 15 കിലോ അരി, ഒരു കിലോ ചെറുപയര്‍, ഒരു കിലോ വെളിച്ചെണ്ണ, നൂറു ഗ്രാം മുളകുപൊടി, നൂറു ഗ്രാം മല്ലിപ്പൊടി, ഒരു പാക്കറ്റ് ഉപ്പ്, രണ്ട് സോപ്പ് എന്നിവയടങ്ങുന്ന കിറ്റ് ആണ് വിതരണം ചെയ്യുന്നത്. അര്‍ധ നാടോടികളായ 97 മലമ്പണ്ടാര കുടുംബങ്ങളുള്‍പ്പടെ 2279 ആദിവാസി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരില്ലാത്ത 2100 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

ജില്ലയിലെ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും വികലാംഗകര്‍ക്കും ഉള്‍പ്പെടെ 1175 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. 3 കിലോ നുറുക്ക് ഗോതമ്പ്, അര കിലോ വന്‍പയര്‍, അര കിലോ ചെറുപയര്‍, അര കിലോ കടല, അര കിലോ ശര്‍ക്കര, അര കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങുന്നതായിരുന്നു കിറ്റ്. 

   ഇതിനുപുറമെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതി (ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം)യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ അര്‍ധ നാടോടികളായ മലമ്പണ്ടാരം കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 15 കിലോ അരി, ഒരു കിലോ ചെറുപയര്‍, ഒരു കിലോ കടല, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങുന്ന കിറ്റുകള്‍ കോളനിയില്‍ എത്തിച്ചുനല്‍കുന്നുണ്ട്. 2020 മാര്‍ച്ച് മാസത്തെ കിറ്റുകള്‍ മാര്‍ച്ച് ആദ്യവാരം തന്നെ നല്‍കി. റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ നല്‍കുന്നുണ്ട്. പൊതുവിതരണ വകുപ്പ് നല്‍കുന്ന റേഷന്‍ വിഹിതത്തിന് പുറമേയാണ് ഭക്ഷ്യധാന്യ കിറ്റുകള്‍  പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

 

date