Skip to main content

അതിഥി തൊഴിലാളികള്‍ക്ക്  കിറ്റും രോഗികള്‍ക്ക് വീട്ടില്‍ മരുന്നും

ഇരവിപേരൂരില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും കിറ്റും ആളെണ്ണം അനുസരിച്ച് ക്യാമ്പുകളില്‍ എത്തിച്ചുനല്‍കി. കരാറുകാരുടെ സഹകരണം ഇല്ലാത്ത തൊഴിലാളികള്‍ക്കാണ് അരിയും ഗോതമ്പ് പൊടിയും മറ്റു പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ എഴ് ദിവസത്തേക്കുള്ള 50 കിലോ തൂക്കം വരുന്ന കിറ്റുകള്‍ ക്യാമ്പുകളില്‍ എത്തിച്ച് നല്‍കിയത്. 

ഇവര്‍ക്ക് സ്റ്റൗവിനുള്ള ഇന്ധന പെര്‍മിറ്റ് വേറെയും നല്‍കി. കരാറുകാരുടെ ചുമതലയില്‍ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട കരാറുകാരന്‍ തന്നെ വഹിക്കണം. ഇരവിപേരൂര്‍ ആവി കഫേയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് വിവിധ വാര്‍ഡുകളിലേക്കായി 200 പൊതിച്ചോറുകളാണ് വീട്ടില്‍ എത്തിച്ച് നല്‍കുന്നത്. ഇതിനായി വാര്‍ഡ്തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓതറ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്നും രോഗികള്‍ക്കുള്ള മരുന്ന് എത്തിച്ചുനല്‍കിവരുകയാണ്. ആശാപ്രവര്‍ത്തകരെയോ വാര്‍ഡ് മെമ്പറേയോ ബന്ധപ്പെട്ടാല്‍ ഈ സേവനം ലഭ്യമാകും. പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ പഞ്ചായത്തിലെ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ കിറ്റിന്റെ വിതരണത്തിന് ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍, പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി എന്നിവര്‍ നേതൃത്വം നല്കി.

 

 

 

 

 

date