Skip to main content

സൗജന്യ റേഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമള്‍ക്കുമുള്ള സൗജന്യ റേഷന്‍ ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ റേഷന്‍ കടകളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക്  35 കിലോഗ്രാം  ഭക്ഷ്യധാന്യവും, മുന്‍ഗണനാ കാര്‍ഡിന് ഒരംഗത്തിന് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും 15 കിലോഗ്രാം അരിയും വിതരണം ചെയ്യും.

എ.എ.വൈ, മുന്‍ഗണനാവിഭാഗകാര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും സബ്‌സിഡി, പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയുമാണ് വിതരണം ചെയ്യുക. ടോക്കണ്‍ മുഖേനയാണ്  വിതരണം.  ഒരേ സമയം  അഞ്ചില്‍ പേരില്‍ കൂടുതല്‍ ക്യൂവില്‍ നില്‍ക്കുവാനോ, റേഷന്‍ കടയ്ക്കു മുന്നില്‍ കൂടി നില്‍ക്കുവാനോ പാടില്ല.  ക്യൂ നില്‍ക്കുമ്പോള്‍ ഗുണഭോക്താക്കള്‍ തമ്മില്‍ ഒരു മീററര്‍ അകലം കര്‍ശനമായി പാലിക്കണം.

ഏപ്രില്‍ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം. ഏപ്രില്‍ രണ്ടിന്
രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകളുള്ളവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും, ഏപ്രില്‍ നാലിന് ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകളുള്ളവര്‍ക്കും ഏപ്രില്‍ അഞ്ചിന് എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും സൗജന്യ റേഷന്‍ വാങ്ങാം. അഞ്ച് ദിവസത്തിനകം സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവുമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.

date