Skip to main content

മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണവും ഭക്ഷണവും ഉറപ്പാക്കി ജില്ലാ ഭരണകൂടം 3,677 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

 

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷയും ഭക്ഷണ ലഭ്യതയും ഉറപ്പാക്കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കോവിഡ് 19 ഭീഷണി നിലനില്‍ക്കെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 3,677 അതിഥി തൊഴിലാളികള്‍ക്ക് ഇന്നലെ ഭക്ഷണ കിറ്റുകള്‍ വളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

ഒരാള്‍ക്ക് ഒരാഴ്ചയിലേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. 500 ഗ്രാം പഞ്ചസാര, 250 ഗ്രാം ചെറുപയര്‍, 250 ഗ്രാം കടല, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ഉഴുന്ന്, 500 മില്ലീ ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം തേയില, ഒരു കിലോ ഗ്രാം ആട്ടപ്പൊടി, ഒരു കിലോ ഗ്രാം അരി, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മല്ലിപ്പൊടി, ഒരു കിലോ ഗ്രാം സവാള, ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്.

അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇവര്‍ കഴിയുന്ന കേന്ദ്രങ്ങളില്‍ പൊലീസും സന്ദര്‍ശിക്കുന്നുണ്ട്. തൊഴിലാളികളെ ഇറക്കിവിടുന്ന സാഹചര്യങ്ങളുണ്ടായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

date