Skip to main content

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 38 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു . അതിഥി തൊഴിലാളികള്‍ക്ക് തീവണ്ടി സര്‍വ്വീസുണ്ടെന്ന വ്യാജ പ്രചരണം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

 

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 38 കേസുകള്‍ കൂടി ഇന്നലെ (മാര്‍ച്ച് 30) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 48 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 305 ആയി. 435 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 46 വാഹനങ്ങളും പിടിച്ചെടുത്തു.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ തീവണ്ടി സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ എടവണ്ണ പൊലീസ് ഒരാളെക്കൂടി അറസ്റ്റു ചെയ്തു. എടവണ്ണ മുണ്ടേങ്ങര തൂവ്വക്കുന്ന് വീട്ടില്‍ ഷരീഫ് (36) ആണ് അറസ്റ്റിലായത്. വ്യാജ വാര്‍ത്ത പ്രചരിച്ചയുടന്‍തന്നെ എടവണ്ണ തൂവ്വക്കാട് സ്വദേശി പി.കെ. സാക്കിറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമ നടപടി നേരിടേണ്ടിവരുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിനും ഇന്നലെ (മാര്‍ച്ച് 30) 61 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ ഇതുവരെ 318 കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

date