Skip to main content

അതിഥി തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാം ജില്ലയില്‍ കോള്‍ സെന്റര്‍ സജ്ജമായി

 

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്റര്‍ സജ്ജമായി.  ജില്ലാ ലേബര്‍ ഓഫീസിലാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ തുടങ്ങിയ അവരവരുടെ ഭാഷകളില്‍  മറുപടി നല്‍കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി  ഭാഷാ വിദഗ്ധരായ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.  രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീമാണ് 24 മണിക്കൂറും സേവനത്തിനായി കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുക. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനായി ഹിന്ദി, ഒറിയ, ബംഗാളി, അസാമീസ് ഭാഷകളില്‍ ഓഡിയോ തയാറാക്കി വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരണം നല്‍കി വരുന്നു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള നടപടികളും ജില്ലയില്‍ പുരോഗമിക്കുന്നു.
ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിച്ചു.  ഇവര്‍ ലേബര്‍ കമ്മീഷണറുടെയും  ജില്ലാ കലക്ടര്‍മാരുടെയും നിര്‍ദേശാനുസരണം നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന  0483-2734814, 8547655272,  8547655273 എന്ന കോള്‍ സെന്റര്‍ നമ്പറുകളുമായി ബന്ധപ്പെട്ട് അറിയിക്കാം.

date