Skip to main content

കോവിഡ് 19: നിരീക്ഷണത്തിന് കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നല്‍കാന്‍ ബ്ലോക്ക് സമിതികളോട് കലക്ടര്‍ ആവശ്യപ്പെട്ടു

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയും ബുദ്ധിമുട്ടുന്നവരേയും മാറ്റി പാര്‍പ്പിക്കാന്‍ ലോഡ്ജുകളോ ഹോംസ്റ്റേകളോ കണ്ടെത്തി നല്‍കാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു. ഓരോ ബ്ലോക്കിലും ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കണം. ബ്ലോക്കുപരിധിയില്‍ ലോക്ഡൗണ്‍ കാലയളവില്‍ വിശന്നിരിക്കുന്നവര്‍ ഉണ്ടാകാന്‍ പാടില്ല. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ ശീലിച്ച ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കണം. തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടെലിവിഷന്‍ സെറ്റോ മറ്റു വിനോദോപാധികളായ ചീട്ടോ കാരംസ്‌ബോര്‍ഡോ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ എടുക്കാന്‍ ആളില്ലാത്ത സാഹചര്യമുണ്ടെങ്കില്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ പരിഹാരമുണ്ടാക്കും. രോഗികള്‍ക്ക് മരുന്ന്  ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാഭരണകൂടം പുറപ്പെടുവിക്കുന്ന ഉത്തരവുകളും പ്രത്യേകം രൂപീകരിച്ചിട്ടുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. കാലതാമസം കൂടാതെ പരിശോധിച്ച് ബ്ലോക്ക് സമിതികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാകലക്ടര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഓര്‍മ്മിപ്പിച്ചു. എ.ഡി.എം ആന്റണി സ്‌കറിയ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കലക്ടര്‍  എസ്്. ഹരികുമാര്‍, ഡി.എം.ഒ ഡോ. എന്‍. പ്രിയ, ഡി.പി.എം സുജിത് സുകുമാരന്‍, ഡി.എസ്.ഒ അജേന്ദ്രന്‍ ആചാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി തുടങ്ങിയവര്‍  സംബന്ധിച്ചു.
 

date