Skip to main content
കിഫ്ബി ഫണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച കാങ്കോൽ ചീമേനി റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി   ജി സുധാകരൻ നിർവഹിക്കുന്നു

കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കും: മന്ത്രി ജി സുധാകരന്‍ കാങ്കോല്‍ ചീമേനി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് വകുപ്പില്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന കരാറുകാരുടെ കുടിശ്ശിക വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി സുധാകരന്‍. കാങ്കോല്‍ -ചീമേനി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 3000 കോടി രൂപയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ ഇനത്തില്‍ കുടിശ്ശികയായി ഉണ്ടായിരുന്നത്. അതൊക്കെ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ലഭ്യമാക്കി. നിലവില്‍ കുടിശ്ശികയുള്ള തുക വേഗത്തില്‍ തന്നെ ലഭ്യമാക്കാന്‍ സാധിക്കും. ഏപ്രില്‍ മാസത്തോടെ സാമ്പത്തിക മാന്ദ്യം കുറയുമെന്നാണ് പ്രതീക്ഷയെന്നും അതിന്റെ തുടര്‍ച്ചയായി തുക ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പഞ്ചായത്ത് മുനിസിപ്പല്‍ റോഡുകള്‍ അഭിവൃദ്ധിപെടുത്തേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും പഞ്ചായത്ത് റോഡുകളുടെ പട്ടിക ഉടന്‍ ലഭ്യമാക്കും. പട്ടിക ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നാലായിരത്തോളം സര്‍ക്കാര്‍ കെട്ടിടങ്ങള്‍, 514 പാലങ്ങള്‍ എന്നിവ ഈ കാലയളവില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
പയ്യന്നൂര്‍  മണ്ഡലത്തിലെ കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലൂടെയും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്തിലൂടെയും കടന്ന് പോകുന്നതും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന റോഡാണ് കാങ്കോല്‍-ചീമേനി റോഡ്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 20.26 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. കാങ്കോലില്‍ ആരംഭിച്ച് പ്രാന്തംചാല്‍, സ്വാമിമുക്ക്, ഏറ്റുകുടുക്ക വഴി ചീമേനി  വരെ 10.135 കിലോമീറ്റര്‍ നീളത്തിലുള്ള റോഡിന്റെ വികസനമാണ് പൂര്‍ത്തിയാക്കിയത്.
       ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ മുഖ്യാതിഥിയായി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം ജാനകി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി പി നൂറുദ്ദീന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഉഷ, എം രാഘവന്‍, കെ ശകുന്തള, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍  ഇ ജി വിശ്വപ്രകാശന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ വി ശശി,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

date