Skip to main content

വെള്ളോറ - കക്കറ- കടുക്കാരംമുക്ക്- ചക്കാലക്കുന്ന് റോഡ് മന്ത്രി ജി സുധാകരന്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

കാലാനുസൃതമായ റോഡുകളാണ് ജനങ്ങള്‍ക്കായി ഒരുക്കുന്നതെന്ന് മന്ത്രി
കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 24.65 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വെള്ളോറ - കക്കറ- കടുക്കാരംമുക്ക്- ചക്കാലക്കുന്ന് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ഗ്രാമീണ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ മാത്രം സാധിച്ചിരുന്ന റോഡുകളാണ് ഈ ഗവണ്‍മെന്റിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാക്കിയത്. ആധുനിക രീതികള്‍ കൂടി ഉള്‍പ്പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏറ്റവും  മോശം റോഡുണ്ടായിരുന്ന മണ്ഡലമായിരുന്നു പയ്യന്നൂര്‍. ചരിത്ര പ്രസിദ്ധങ്ങളായ സ്ഥലങ്ങള്‍ ഉണ്ടായിട്ടും അവിടെയൊക്കെ ഉള്ള റോഡുകളുടെ അവസ്ഥ ഏറെ ദയനീയമായിരുന്നുവെന്നും കൃത്യമായ ഇടപെടലിലൂടെ അത് പരിഹരിക്കാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
വെള്ളോറയില്‍ നിന്നും ആരംഭിച്ച് കക്കറ -കായപ്പൊയില്‍ ചക്കാലക്കുന്ന് വഴി കടുക്കാരം മുക്ക് വരെയുള്ള 11.247 കിലോമീറ്ററാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിലവിലുളള റോഡിന്റെ വീതി 12 മീറ്റര്‍ ആയി വര്‍ധിപ്പിച്ച്  ആവശ്യമായ ഭാഗങ്ങളില്‍ ഗ്രാനുലാര്‍ സബ് ബേസ്, വെറ്റി മിക്‌സ് മെക്കാഡം  എന്നീ ലെയറുകള്‍ക്ക് മുകളില്‍ 7 മീറ്റര്‍ വീതിയില്‍ ബിറ്റു മിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നീ ഉപരിതലവും ഉള്‍പ്പെടുന്നതാണ് പ്രവൃത്തി. ആവശ്യമായ ഇടങ്ങളില്‍ കലുങ്കുകള്‍, പാര്‍ശ്വഭിത്തി, കോണ്‍ക്രീറ്റ് ഓടകള്‍, കവറിങ്ങ് സ്ലാബുകള്‍, റോഡ് സുരക്ഷ ട്രാഫിക് ബോര്‍ഡുകള്‍, റോഡ് സ്റ്റഡുകള്‍, ഫൂട്ട് പാത്തുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.
ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി.  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി പി ദിവ്യ, എരമം കുറ്റുര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ സത്യഭാമ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സി സത്യപാലന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date