Skip to main content
പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം ജയിംസ് മാത്യു എം എൽ എ നിർവഹിക്കുന്നു

കുടുംബാരോഗ്യ കേന്ദ്രമാകാനൊരുങ്ങി പറശ്ശിനിക്കടവ് പിഎച്ച്‌സി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്  ജെയിംസ് മാത്യു എംഎല്‍എ തറക്കല്ലിട്ടു. ദിനംപ്രതി നൂറോളം രോഗികളെത്തുന്ന പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായാണ് ഉയര്‍ത്തുന്നത്. ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യ വികസനം മുതല്‍ ആധുനിക രോഗനിര്‍ണയ സംവിധാനം വരെ കാലാനുസൃതമായി വികസിപ്പിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് സാധിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. 
മഴക്കാലപൂര്‍വ്വ ശുചീകരണം മുതല്‍ പകര്‍ച്ചവ്യാധി നിയന്ത്രണം വരെയുള്ള സമസ്ത മേഖലകളിലും നാം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും മാത്രമല്ല എല്ലാ മലയാളികളും ഓരോ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നത് സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
രണ്ടര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കൊപ്പം  ലാബ്, പ്രീ ചെക്ക്അപ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, വെയിറ്റിംഗ് ഏരിയ തുടങ്ങിയ  സൗകര്യങ്ങളും രോഗികള്‍ക്ക് ലഭ്യമാക്കും. 
ചടങ്ങില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള അധ്യക്ഷത വഹിച്ചു. നഗരസഭാ വെസ് ചെയര്‍മാന്‍ കെ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, ജില്ലാ പ്രോഗാം മാനേജര്‍ ഡോ. കെ വി ലതീഷ്, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഇ മോഹനന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍, പറശ്ശിനിക്കടവ് എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിത വിജയ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date