Skip to main content

ഹോം കോറന്റൈന്‍: ഒറ്റപ്പെടുത്തലല്ല; ഒഴിഞ്ഞുനില്‍ക്കലാണ്

കോവിഡ്- 19 രോഗ ലക്ഷണങ്ങളുടെയോ രോഗസാധ്യതയുടെയോ പേരില്‍ വീടുകളിലോ ആശുപത്രികളിലോ ഐസൊലേഷന്‍ നിര്‍ദേശിക്കപ്പെടുന്നവര്‍ ആശങ്കപ്പെടേണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍. ഇവര്‍ക്ക് പൂര്‍ണ പിന്തുണയുമായി ആരോഗ്യവകുപ്പും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ടാകും. ഈ ഏകാന്തവാസം ഒറ്റപ്പെടുത്തലല്ല, ഉറ്റവര്‍ക്കും സമൂഹത്തിനും വേണ്ടിയുള്ള മാറി നില്‍ക്കലാണ്. ഒരു മഹാമാരിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഒരു വ്യക്തി സ്വയം അനുഷ്ഠിക്കുന്ന ഏകാന്തവാസം. തൊട്ടടുത്തില്ലെങ്കിലും ചുറ്റും കരുതലുമായി ഈ നാടും ബന്ധുക്കളും എല്ലാം ഉണ്ടെന്ന തിരിച്ചറിവ് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കരുത്താകും. 
രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നെത്തി ഇരുപത്തിയെട്ടോ പതിനാലോ ദിവസത്തോളം പ്രത്യേകം മുറിക്കുള്ളില്‍ കഴിയേണ്ടിവരിക എന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കും. 'മാറ്റി'നിര്‍ത്തുന്നത് ചേര്‍ത്തുനിര്‍ത്താനാണെന്ന് ഓര്‍ക്കുക. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്വയം നിയന്ത്രണമാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ഈ ദിവസങ്ങളില്‍ കഴിയണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയാണ് ഏറ്റവും അനിവാര്യം. നിങ്ങളുടെ സുഹൃത്തോ ബന്ധുവോ ഇത്തരത്തില്‍ വീടുകളില്‍ കഴിയുന്നുണ്ടെെങ്കില്‍ ഫോണ്‍ കോളിലൂടെയോ സന്ദേശത്തിലൂടെയോ കൂടെയുണ്ടെന്ന് ഓര്‍മിപ്പിക്കുവാന്‍ അകലെ നിന്നും നമുക്ക് സാധിക്കും. 
രോഗലക്ഷണം പ്രത്യക്ഷമായി പ്രകടിപ്പിക്കാത്തതും രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നതും രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമായ ആളുകളെയാണ് ഹോം ഐസൊലേഷന് വിധേയമാക്കുന്നത്. ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ചാലും 14 ദിവസം വരെ ഹോം ഐസൊലേഷനില്‍ കഴിയണം. സന്ദര്‍ശകരെ അനുവദിക്കുകയോ മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. പ്രായമായവരും കിഡ്‌നി സംബന്ധമായ രോഗമുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകള്‍ ഉണ്ടെങ്കില്‍ വളരെ ശ്രദ്ധ നല്‍കണം. രോഗബാധ സംശയിക്കുന്ന വ്യക്തിയെ പരിചരിക്കാന്‍ ഒരംഗത്തെ മാത്രം ചുമതലപ്പെടുത്തുകയും ഇടപഴകുന്ന സമയത്ത് രണ്ടുപേരും മാസ്‌ക് ധരിക്കേണ്ടതുമാണ്. ഉടന്‍തന്നെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകാനും മറക്കരുത്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പുറത്തേക്ക് പോകരുത്. നിയന്ത്രണത്തിലുള്ള വ്യക്തി പ്രത്യേകം പാത്രം, വസ്ത്രം, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സ്വയം വൃത്തിയാക്കേണ്ടതും സൂക്ഷിക്കേണ്ടതുമാണ്. സംസാരിക്കുന്ന ആളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. ഉപയോഗിച്ച സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തൂവാല കൊണ്ട് മൂക്കും വായയും മൂടുകയും ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. വസ്ത്രങ്ങള്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് കഴുകണം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ വിളിച്ചറിയിച്ചശേഷം അവരുടെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുക. ഒരു കാരണവശാലും നേരിട്ട് ആശുപത്രിയിലേക്ക് പോകരുത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക വഴി നമുക്ക് ചുറ്റുമുള്ളവരുടെ കൂടി സുരക്ഷിതത്വമാണ് ഉറപ്പാകുന്നത്.  
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും അതുവഴി വരുന്നവരും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 31 വരെയാണ് വിലക്ക്. 

date