Skip to main content

കൊറോണ: വീടുകയറിയുള്ള ബോധവല്‍ക്കരണം ഇന്ന് മുതല്‍ സംഘടനകള്‍ സ്വന്തം നിലയില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തരുത് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കും

കൊറോണ വൈറസിനെക്കുറിച്ചും പ്രതിരോധ മുന്‍കരുതലുകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ്തല ഗൃഹസന്ദര്‍ശനം ഇന്ന് (മാര്‍ച്ച് 18 ബുധന്‍) തുടങ്ങും. വാര്‍ഡ് മെംബര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ കാംപയിന്‍ നടത്തുക. 
അതേസമയം, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ലഘുലേഖകളും മറ്റുമായി അനൗദ്യോഗിക ഗൃഹസന്ദര്‍ശനങ്ങള്‍ നടക്കുന്നതായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന പ്രതിദിന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തദ്ദേശ സ്ഥാപന പ്രതിനിധിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മാത്രമേ വീടുകള്‍ കയറി കൊറോണ ബോധവല്‍ക്കരണം നടത്താവൂ എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും പോലിസിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇത്തരം സന്ദര്‍ശനം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഓരോ ദിവസവും ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ പോലിസിന് കൈമാറാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
ട്രെയിനുകളിലെത്തുന്നവരില്‍ വൈറസ് ബാധ സംശയിക്കുന്നവരെ കണ്ടെത്തുന്നതിനായി ജില്ലയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നടത്തിയ പരിശോധനകളില്‍ ചൊവ്വാഴ്ച 122 പേരെ ഹോം ഐസൊലേഷനിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴി എത്തിയ 6000 പേരെ പരിശോധിച്ചതില്‍ രണ്ടു പേര്‍ക്ക് ഹോം ഐസൊലേഷന് നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍ എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, ഡിഎംഒ ഡോ നാരായണ നായ്ക്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date