Skip to main content

എക്സൈസ് പരിശോധന ശക്തം; ആലപ്പടമ്പില്‍ വ്യാജവാറ്റു കേന്ദ്രം തകര്‍ത്തു, 200ലിറ്റര്‍ വാഷ് നശിപ്പിച്ചു

ബാറുകളും മദ്യവില്പനശാലകളും പൂട്ടിയ സാഹചര്യം മുതലെടുക്കാനുള്ള വ്യാജ മദ്യ സംഘങ്ങള്‍ക്കെതിരെ എക്സൈസ് നടപടി കര്‍ശനമാക്കി.  അനധികൃത മദ്യ വില്പനയും വ്യാജവാറ്റും തടയാന്‍ ജില്ലയിലെങ്ങും സ്‌ക്വാഡുകള്‍ രംഗത്തുണ്ട്. പയ്യന്നൂര്‍ റെയിഞ്ചില്‍ എക്സൈസ് സംഘം വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി.  

ആലപ്പടമ്പില്‍ കിളിയന്‍ചാല്‍ തോട്ടില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമാണ് പയ്യന്നൂര്‍ റെയിഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി  നശിപ്പിച്ചത്. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരായ യുവജന സംഘടനഭാരവാഹികളുടെയും  എക്സൈസ് ഇന്റലിജന്‍സിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.  പ്രിവന്റിവ് ഓഫിസര്‍ പി വി ശ്രീനിവാസന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ വി സജിന്‍,  കെ ടി എന്‍ മനോജ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പി സീമ,  എക്സൈസ് ഡ്രൈവര്‍ എം വി പ്രദീപന്‍ എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്. 

മലയോര മേഖലയിലാണ് വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും വ്യാപകമായി നടക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ മേഖലകളിലെ പട്രോളിംഗ് ശക്തമാക്കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. പയ്യന്നൂര്‍, കൂത്തുപറമ്പ്, ആലക്കോട് റേഞ്ചുകളില്‍ ഇതിനകം കേസുകള്‍ എടുത്തിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ബാറുകളും മറ്റു മദ്യവില്‍പനശാലകളും മറ്റും തുറക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം  പറഞ്ഞു.

date