Skip to main content

ലോക് ഡൗണ്‍ കാലത്ത് കൃഷി ആരംഭിച്ചോളൂ... മത്സരവുമായി ഹരിതകേരളം മിഷന്‍

ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ വീടുകളില്‍ കഴിയുന്നവരെ കൃഷിയിലേക്കു ആകര്‍ഷിക്കാന്‍ പരിപാടികളുമായി ഹരിതകേരളം മിഷന്‍.  കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പച്ചക്കറി കൃഷിയില്‍ മത്സരങ്ങള്‍ ഒരുക്കുകയാണ് മിഷന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി. പച്ചക്കറി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് 8129218246 എന്ന വാട്സ് ആപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വാട്സ് ആപ്പ് മുഖാന്തിരം നിരീക്ഷിച്ച് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. പുരയിട കൃഷി, മട്ടുപ്പാവ് കൃഷി എന്നീ ഇനങ്ങളില്‍ പ്രത്യേകമായാണ് മത്സരം. നടീല്‍ വസ്തുക്കള്‍ സ്വന്തമായി സമാഹരിച്ചോ, കൃഷിഭവന്‍, മറ്റ് ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും  ലഭിക്കുന്നവയോ ഉപയോഗിക്കാവുന്നതാണ്. മത്സരാര്‍ഥികള്‍ തയ്യാറാക്കുന്ന പ്ലോട്ടില്‍ വെള്ളരി, മത്തന്‍, ഇളവന്‍ ഇനങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണവും വെണ്ട, തക്കാളി, മുളക്, ചീര ഇനങ്ങളില്‍ രണ്ടെണ്ണവും കക്കിരി, താലോലി, പാവല്‍, പയര്‍ ഇനങ്ങളില്‍ ചുരുങ്ങിയത് രണ്ടെണ്ണവും കൃഷി ചെയ്യാം. ഇതില്‍ നിന്നും വ്യത്യസ്ത ഇനങ്ങള്‍ കൃഷി ചെയ്തവ സവിശേഷ പ്ലോട്ട് എന്ന ഇനമായും  പരിഗണിക്കും. പുരയിടത്തിലും മട്ടുപ്പാവ് കൃഷിയിലും മേല്‍പ്പറഞ്ഞ ഓരോ ഇനത്തിലും പെട്ട 20 ചെടികളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.  മികച്ച കര്‍ഷകര്‍ക്ക് തദ്ദേശ സ്ഥാപനതലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും. സമ്മാനാര്‍ഹരെ കണ്ടെത്തുന്നതിന് വാട്സ് ആപ്പ് സംവിധാനത്തിനൊപ്പം നേരിട്ടുള്ള പരിശോധനാ രീതിയും അവലംബിക്കുന്നതായിരിക്കുമെന്ന്  ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9605215180, 9526012938
 

date