കൃത്രിമക്കാല്‍ ക്യാമ്പുമായി ഗവ. വനിതാ കോളജ് എന്‍.എന്‍.എസ്
നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ടൊരു മാതൃക തീര്‍ക്കുകയാണ് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍. കണ്ണൂര്‍ ജില്ലയിലെ ഉദാരമതികളുടെ സഹകരണത്തോടെ ചെന്നൈ മുക്തിയുടെ കൃത്രിമക്കാല്‍ നിര്‍മ്മാണവും വിതരണവും നടത്തുന്ന ക്യാമ്പ് തികച്ചും സൗജന്യമായി സംഘടിപ്പിക്കുകയാണിവര്‍. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഗവ. വനിതാ കോളജില്‍ നടക്കുന്ന ക്യാമ്പില്‍ അമ്പതിലേറെ പേര്‍ക്ക് കൃത്രിമക്കാല്‍ വെച്ചു കൊടുക്കും. ഇതോടൊപ്പം ക്യാന്‍സര്‍ കുടുംബത്തെ ദത്തെടുക്കലും നടത്തും.
ഫെബ്രുവരി 25ന് രാവിലെ പത്തിന് കോളജില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാന്‍സര്‍ സഹായനിധിയും മന്ത്രി കൈമാറും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത വിശിഷ്ടാതിഥിയാവും. പ്രിന്‍സിപ്പല്‍ ഡോ. കെ.പി റിജുല അധ്യക്ഷത വഹിക്കും. ക്യാമ്പിന്റെ സമാപന ദിനമായ മാര്‍ച്ച് ഒന്നിന് രാവിലെ പത്തിന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി കൃത്രിമക്കാല്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ സര്‍വകലാശാല പ്രൊ വി.സി ഡോ. ടി. അശോകന്‍ വിശിഷ്ടാതിഥിയാവും.
മുക്തി ഫൗണ്ടേഷനിലെ സാങ്കേതിക വിദഗ്ധരാണ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഭാരം കുറഞ്ഞ കൃത്രിമക്കാല്‍ നിര്‍മിക്കുന്നത്. ക്യാമ്പിന്റെ തുടക്കത്തിലാണ് ഇതിന് അളവെടുക്കുക. വനിതകള്‍ മാത്രം അംഗങ്ങളായ എന്‍.എസ്.എസ് യൂനിറ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സംരംഭത്തില്‍ കൃത്രിമക്കാല്‍ സ്‌പോണ്‍സര്‍ ചെയ്ത് പങ്കാളികളാവാനും അവസരമുണ്ട്. 6,000 രൂപ വില വരുന്ന 50 കൃത്രിമക്കാലുകള്‍ എന്‍.എസ്.എസ് പൂര്‍ണമായും സൗജന്യമായി നല്‍കുന്നു. കൃത്രിമക്കാലുകള്‍ ആവശ്യമുള്ള ഗുണഭോക്താക്കള്‍ ബന്ധപ്പെടുക. ഫോണ്‍: 9539 002721, 8281 894801, 7558 052356.
പി.എന്‍.സി/389/2018
- Log in to post comments