വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തുകള്‍; സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചു
പരിസ്ഥിതിയും ജലാശയങ്ങളും സംരക്ഷിച്ച് പുതിയ കേരളം സൃഷ്ടിക്കുന്നതിന് വരും തലമുറയെ ഉദ്ബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തിനുള്ള മറുപടി കത്തയച്ച വിദ്യാര്‍ത്ഥികളിലെ വിജയികളെ പ്രഖ്യാപിച്ചു. എല്‍. പി, യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപയും പ്രോത്‌സാഹന സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് 2500 രൂപയുമാണ് പാരിതോഷികം.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സുബിന എം ഒന്നാം സ്ഥാനവും കോട്ടയം ചിങ്ങവനം എന്‍. എസ്. എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥി ജോഷ്വാ ഡെവിന്‍സ് രണ്ടാം സ്ഥാനവും കോട്ടയം മലകുന്നം ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥി അനുപമ പി. എം മൂന്നാം സ്ഥാനവും നേടി. മൂന്നു പേര്‍ക്ക് പ്രോത്‌സാഹന സമ്മാനവുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് പട്ടാമ്പി കൊപ്പം ജി. വി. എച്ച്. എസ്. എസിലെ എട്ട് സിയിലെ നൈന ഫെബിന്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ കരിവെള്ളൂര്‍ എ. വി. എസ്. ജി. എച്ച്. എസ്. എസിലെ എട്ട് എയിലെ മിഴി വി. പി രണ്ടാം സ്ഥാനവും കണ്ണൂര്‍ പത്തായകുന്ന് ജി. എച്ച്. എസ്. എസിലെ എസ്. എട്ട് സിയിലെ അമല്‍ കിഷോര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ 18 പേര്‍ക്ക് പ്രോത്‌സാഹന സമ്മാനമുണ്ട്. യു. പി. വിഭാഗത്തില്‍ ഇടുക്കി കരുണപുരം കൂട്ടാര്‍ എന്‍. എസ്. എസ്. എച്ച്. എസ്. എസിലെ ആറ് എയിലെ കാര്‍ത്തിക് കൃഷ്ണ ഒന്നാമതും തിരുവനന്തപുരം ഊരൂട്ടമ്പലം യു. പി. എസ്. മുല്ലപ്പള്ളിക്കോണത്തെ അഞ്ചാം ക്‌ളാസിലെ ആര്യ കൃഷ്ണ എ. ആര്‍. രണ്ടാമതും കാസര്‍കോട് ചെമ്മനാട് വെസ്റ്റ് ഗവ. യു. പി. എസിലെ അഞ്ച് ബിയിലെ അഖില്‍ നമ്പ്യാര്‍ മൂന്നാമതുമെത്തി. ഈ വിഭാഗത്തില്‍ എട്ടു പേര്‍ പ്രോത്‌സാഹന സമ്മാനത്തിന് അര്‍ഹരായി. എല്‍. പി. വിഭാഗത്തില്‍ നെയ്യാറ്റിന്‍കര മര്യാപുരം ഉദിയന്‍കുളങ്ങര ആര്‍. സി. എല്‍. ആര്‍. എസിലെ മൂന്ന് എയിലെ മാധവ് കൃഷ്ണ എസ്. എ ഒന്നാം സ്ഥാനവും പാലക്കാട് പുതുനഗരം ജി. എല്‍. പി സെന്‍ട്രല്‍ സ്‌കൂളിലെ ഒന്നാം ക്‌ളാസിലെ ഫൈസാള്‍ ബിന്‍ ഫിറോസ് രണ്ടാം സ്ഥാനവും ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ ഗവ. യു. പി. എസിലെ മൂന്നാം ക്‌ളാസിലെ ജെഫിന്‍ ജോസ് ജോയി മൂന്നാം സ്ഥാനവും നേടി. ഒന്‍പത് പേര്‍ പ്രോത്‌സാഹന സമ്മാനത്തിനും അര്‍ഹരായിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറാണ് സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചത്. 17ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍ഡ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരങ്ങളും വിതരണം ചെയ്യും. പതിനാലു ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം കത്തുകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.
പി.എന്‍.എക്‌സ്.575/18
- Log in to post comments