Skip to main content

കോവിഡ് 19: പ്രവാസികള്‍ ആശങ്കപ്പെടേണ്ട-  മന്ത്രി ടി.പി രാമകൃഷ്ണന്‍

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലുള്ള വിദേശമലയാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ്ു മന്ത്രി ടി.പി രാമകൃഷ്ണന്‍. പ്രവാസികളുടെ നിലവിലെ അവസ്ഥ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നുണ്ട്. അവര്‍ ആശങ്കപ്പെടേണ്ടെന്നും ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ 
തുടങ്ങിയവരുമായി മന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന്റെ ഇടപെടലിലും അവര്‍ സംതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു.

രോഗം പടരുന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. രോഗബാധയുള്ളവര്‍ക്ക് മികച്ച ചികിത്സയും സുരക്ഷയും സംരക്ഷണവുമാണ് നല്‍കുന്നത്. ആശുപത്രികളിലെ ഉപകരങ്ങളുടെ ലഭ്യതയും മരുന്നുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്.
വിഷമതകള്‍ അനുഭവിക്കുന്ന മറ്റു രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ആശങ്കപ്പടേണ്ട സാഹചര്യമില്ലെങ്കിലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും നിയന്ത്രണങ്ങള്‍ തുടരുകയും വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധ്യമാകുന്ന എല്ലാ വിഭാഗം ജനങ്ങളും സംഭാവന നല്‍കാന്‍ ശ്രമിക്കണം. നിരവധി സംഘടനകളും വ്യവസായികളും നല്ലരീതിയില്‍ മുന്നോട്ട് വരുന്നത് ആശ്വാസകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി എന്നിവര്‍ പങ്കെടുത്തു.

date