Skip to main content

അഗ്‌നിശമനം മാത്രമല്ല രോഗശമനത്തിനും ഓടിയെത്തി അഗ്‌നിശമന സേന

 

കൊറോണക്കാലത്ത് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക്  ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ചു കൊടുക്കുന്നതിന് സദാ സന്നദ്ധരായി കോഴിക്കോട് ജില്ലയിലെ നരിക്കുനി അഗ്‌നിശമന സേനാംഗങ്ങള്‍. ഇതിനോടകം ഇവരുടെ നേതൃത്വത്തില്‍ 23 വീടുകളില്‍ മരുന്നെത്തിച്ചിട്ടുണ്ട്. ദിവസം അഞ്ചു മുതല്‍ പത്തുവരെ രോഗികള്‍ക്കാണ് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നത്.

മരുന്ന് ആവശ്യമുള്ളവര്‍ക്ക് 101 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്‌സാപ്പ് നമ്പര്‍ നല്‍കും. മരുന്നിന്റെ കുറിപ്പടി ഈ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കും. അഗ്‌നിശമന സേനാംഗങ്ങളും സിവില്‍ ഡിഫെന്‍സ് സന്നദ്ധ സേനാംഗങ്ങളും ചേര്‍ന്നാണ് മരുന്ന് എത്തിച്ചു കൊടുക്കുന്നത്.  വില കൂടിയ മരുന്നുകള്‍ ഫാര്‍മസിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി അടക്കുകയും അല്ലാത്തവ മരുന്ന് എത്തിച്ചു നല്‍കുമ്പോള്‍ നേരിട്ട് സേനാംഗങ്ങള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും അങ്കമാലിയില്‍ നിന്നും വരെ മരുന്നുകള്‍ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗ്ഗീസ് അറിയിച്ചു. നരിക്കുനി യൂണിറ്റിന് കീഴില്‍ വരുന്ന കൊടുവള്ളി, ബാലുശ്ശേരി, എടക്കര, അമ്പലപ്പാട്, കിനാലൂര്‍, വാവാട്, കണ്ണാടി പൊയില്‍, പടനിലം, കളരിക്കണ്ടി, കളത്തില്‍പാറ തുടങ്ങി വിവിധ സ്ഥലങ്ങളിലും ഇതിനോടകം മരുന്ന് എത്തിച്ചു.

കാന്‍സര്‍ രോഗികള്‍, വൃക്കരോഗികള്‍, ഹൃദ്രോഗം,  കരള്‍രോഗം എന്നീ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ് മരുന്ന് ആവശ്യമായി വരുന്നത്. നാട്ടിന്‍ പുറത്തുള്ള ഷോപ്പുകളില്‍ ഇവ ലഭ്യമല്ല. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഷോപ്പുകളിലും കോഴിക്കോട് നഗരത്തിലുമാണ് ഇത്തരം മരുന്നുകള്‍ ലഭിക്കുന്നത്. ഇവിടെ നിന്ന് മരുന്ന് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് അഗ്‌നിശമന സേന ചെയ്ത് വരുന്നത്.

കത്തിയാളുന്ന തീ അണയ്ക്കാന്‍ മാത്രമല്ല മനുഷ്യര്‍ക്ക് ആശ്വാസവും കാരുണ്യവുമേകാനും സേനക്ക് സാധ്യമാവുന്നു എന്നത് ഈ ദുരന്തമുഖത്തില്‍ ആശ്വാസകരമായ കാഴ്ചയാവുകയാണ്.

 

date