Skip to main content

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്  ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും-  മന്ത്രി എ.കെ ശശീന്ദ്രന്‍

 

 

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവനാളുകള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍. ഇതിനായി പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ നിരീക്ഷണത്തില്‍ ഉള്ളവരെ സന്ദര്‍ശിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ചെന്ന് കാണാന്‍ കഴിയാത്ത ആളുകളെ ഫോണ്‍ മുഖേന ബന്ധപ്പെടണം. ആവശ്യങ്ങള്‍ ചോദിച്ചറിയുകയും സഹായങ്ങള്‍ നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എലത്തൂര്‍ നിയോജക മണ്ഡലത്തിലെ നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, തലക്കുളത്തൂര്‍, പഞ്ചായത്തുകളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഇന്ന്(12.4.2020) നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സമഗ്ര ശുചീകരണം നടത്തും.

വേനല്‍മഴ ആരംഭിച്ച സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം കൂടുതലാണ്. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലും ഇനി വരുന്ന ഞായറാഴ്ചകള്‍ െ്രെഡ ഡേ ആയി ആചരിക്കും. പൊതുജനങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നുണ്ടോ എന്നും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ടോ എന്നുമുള്ള പരിശോധന ശക്തമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. വ്യാജമദ്യ നിര്‍മ്മാണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അര്‍ഹതയുള്ള എല്ലാവര്‍ക്കും റേഷന്‍, കമ്മ്യൂണിറ്റി കിച്ചന്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് കോര്‍പ്പറേഷന് കീഴില്‍ വരുന്ന എലത്തൂര്‍ നിയോജകമണ്ഡലം പരിധിയിലെ ആറു വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. യോഗങ്ങളില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ. പി ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കുണ്ടൂര്‍ ബിജു, കെ.ജമീല, ടി. വത്സല, സി.പ്രകാശന്‍, വൈസ് പ്രസിഡണ്ടുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date